കെപിസിസി ഭാരവാഹി യോഗം : ദേശീയപാതയുടെ തകര്‍ച്ചയില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെപിസിസി

Jaihind News Bureau
Thursday, May 22, 2025

പാതാളഗര്‍ത്തങ്ങളായ ദേശീയപാതയുടെ തകര്‍ച്ചയ്ക്ക് പിന്നില്‍ നിര്‍മാണത്തിലെ അശാസ്ത്രീയത, അഴിമതി, അതിവേഗം പണിതീര്‍ക്കാനുള്ള സമ്മര്‍ദം തുടങ്ങിയ പല കാരണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ഇന്ദിരാഭാവനില്‍ പ്രസിഡന്റ് സണ്ണി ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം ആവശ്യപ്പെട്ടു. കേരളത്തില്‍ കാലവര്‍ഷം ആഗതമായിരിക്കുന്ന സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം.

രാജ്യത്തിന്റെ മതേതരത്വത്തിനും അഖണ്ഡതയ്ക്കും സാമൂഹികനീതിക്കും വേണ്ടി പോരാടുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന ബിജെപിയുടെ നടപടികളെ ശക്തമായി അപലപിക്കുന്നു. രാഹുല്‍ ഗാന്ധിയെ അപമാനിച്ച ബിജെപിയുടെ സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും.

10 ലക്ഷം പേര്‍ക്ക് കെ ഫോണ്‍ നല്കുമെന്ന് വാഗ്ദാനം ചെയ്തിട്ട് ഒരു ലക്ഷം ആയപ്പോള്‍ കൊട്ടിഘോഷിക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടി അല്പത്തമാണ്. കെ ഫോണ്‍ പോലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിഞ്ഞ മറ്റൊരു പദ്ധതിയാണിത്.

പ്രമേയങ്ങള്‍

കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയും ജനങ്ങള്‍ മഹാദുരിതത്തില്‍ അകപ്പെട്ട് കൈയും കാലുമിട്ടടിക്കുകയും ചെയ്യുന്നതിനിടയില്‍ പിണറായി സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തിന്റെ പേരില്‍ 100 കോടിയിലധികം രൂപയുടെ നികുതിപ്പണമെടുത്ത് ആഘോഷിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളീയം, നവകേരള സദസ് എന്നിവയുടെ പേരില്‍ എത്ര കോടി പിരിച്ചെന്നോ എങ്ങനെ ചെലവഴിച്ചെന്നോ ഒരു കണക്കുമില്ല. ജനങ്ങള്‍ മുഖ്യമന്ത്രിക്കു നല്കിയ പതിനായിരക്കണക്കിന് പരാതികള്‍ എന്തു ചെയ്‌തെന്ന് ആര്‍ക്കും അറിയില്ല. മുഖ്യമന്ത്രിയുടെ മുഖം മിനുക്കാന്‍ കോടികളാണ് ചെലവിട്ടത്. നേരിയ വേതനവര്‍ധനവിനുവേണ്ടിയുള്ള ആശാവര്‍ക്കര്‍മാരുടെ സമരം 100 ദിവസം പിന്നിട്ടപ്പോഴാണ് സര്‍ക്കാര്‍ ആര്‍ഭാടത്തില്‍ അഭിരമിച്ചത്. ക്ഷേമനിധി ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പെന്‍ഷനും ക്ഷേമപെന്‍ഷനും മുടങ്ങി കിടക്കുന്ന കാര്യം സര്‍ക്കാര്‍ മറന്നു.

പാവപ്പെട്ട ഒരു ദളിത് യുവതിയെ അകാരണമായി പോലീസ് സ്റ്റേഷനിലടച്ച് കുടിവെള്ളം പോലും നല്കാതെ മാനസികമായി പീഡിപ്പിച്ചപ്പോഴാണ് സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി നല്കിയ പരാതിക്ക് ചവറ്റുകുട്ടയിലായിരുന്നു സ്ഥാനം. ബന്ധപ്പെട്ട പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഗുരുതരമായ കാലവിളംബം കാട്ടി. ദളിത് സ്ത്രീ ആയതിനാലാണോ അവര്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതെന്ന് ന്യായമായി സംശയിക്കുന്നു.

റാപ്പര്‍ വേടനെ ജയിലിലടച്ച് അപമാനിച്ചതിനെതിരേ കടുത്ത ജനരോഷം ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞ് ഇപ്പോള്‍ വേടനെ തോളിലേറ്റിയിരിക്കുകയാണ്. വേടനെതിരേ ബിജെപി വിദ്വേഷ പ്രസംഗം തീതുപ്പിക്കൊണ്ടിരിക്കുന്നു. ദളിതര്‍ പാടിയാല്‍ അതു റാപ്പാകില്ലെന്നുവരെയാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ബിജെപിക്ക് ദളിതരോടുള്ള സമീപനം എന്താണെന്ന് ഈ സംഭവത്തിലൂടെ ആവര്‍ത്തിച്ചു വ്യക്തമാക്കപ്പെട്ടു. നിറത്തിന്റെ പേരില്‍ ആരെയും വേട്ടയാടാന്‍ പാടില്ല എന്നു തന്നെയാണ് കെപിസിസിയുടെ സമീപനം.

തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ വിനായകന്‍ എന്ന ദളിത് യുവാവ് പോലീസിന്റെ മര്‍ദനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ് സി/ എസ്ടി കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നു മാത്രമാണ് പ്രതികളായ പോലീസുകാര്‍ക്കെതിരേ പ്രേരണാക്കുറ്റത്തിനു കേസെടുത്തത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലും പോലീസിനെ വെള്ളപൂശുകയാണു ചെയ്തത്. ദളിത് സമൂഹത്തോടു കാട്ടുന്ന സര്‍ക്കാരിന്റെ വിവേചനവും നിസംഗതയുമാണ് ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവരുന്നത്.

കണ്ണൂര്‍ മലപ്പട്ടത്ത് ഗാന്ധി സ്തൂപം തച്ചുടയ്ക്കുകയും അതു പുനര്‍നിര്‍മിക്കാന്‍ അനുവദിക്കുയില്ലെന്നുമുള്ള സിപിഎമ്മിന്റെ നിലപാടും നെഹ്രുയുവകേന്ദ്രത്തിന്റെ പേരു മാറ്റുകയും പാലക്കാട് നൈപുണ്യവികസന കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേഗവാറിന്റെ പേരുനല്കുകയും ചെയ്യുന്നവരുടെ നിലപാടും ഒന്നു തന്നെയാണ്. ഫാസിസത്തിന്റെ പൈശാചിക മുഖങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ ഇത്തരം തേര്‍വാഴ്ചകള്‍ അനുവദിക്കാനാകില്ല. ഗാന്ധി സ്തൂപം പുനര്‍നിര്‍മിക്കുമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്കുന്നു.

അരിക്കോലം കണികണ്ടുണര്‍ന്നിരുന്ന കേരളം ഇന്നു മുറത്ത് കാണുന്നത് കൊലകൊമ്പന്മാരെയും കടുവകളെയുമൊക്കെയാണ്. ഇന്നു തൃശൂര്‍ വാല്‍പ്പാറ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട വയോധിക ഉള്‍പ്പെടെ 20 പേരെയാണ് ആന ഈവര്‍ഷം ഇതുവരെ ചവിട്ടിക്കൊന്നത്. വന്യമൃഗ ശല്യം പ്രതിരോധിക്കാന്‍ ഒരു പദ്ധതിയും നടപടിയും പണവുമില്ലാത്ത സര്‍ക്കാരിന്റെ നിലപാടില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

മറ്റു തീരുമാനങ്ങള്‍

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരം മെയ് 26ന് വൈകുന്നേരം 4ന് കൊച്ചിയില്‍ കെപിസിസിയുടെ ആഭിമുഖ്യത്തില്‍ ജയ് ഹിന്ദ് സഭ സംഘടിപ്പിക്കും. ഇന്ത്യന്‍ സൈന്യത്തിന്റെ ശൗര്യം, ത്യാഗം, ദേശസ്നേഹം എന്നിവയോടുള്ള ആദരവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജയ് ഹിന്ദ് സഭകളില്‍ മുതിര്‍ന്ന സൈനികര്‍, വിമുക്ത സൈനികര്‍,സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് മെയ് 27ന് ഡിസിസികളുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടികള്‍ നടത്തും.

ദേശീപാതയിലെ ഗുരുതരമായ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം, കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ദേശീപാത അതോറിറ്റിയുടെ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തും.

കെപിസിസി രാഷ്ട്രീയകാര്യ സമിതി ചേരാനും രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന നേതൃത്വ ക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കെ.സുധാകരന്‍ എംപി, പ്രതിപക്ഷനേതാവ് വിഡി സതീശന്‍,എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി, സെക്രട്ടറിമാരായവി.കെ. അറിവഴകന്‍,പി.വി.മോഹനന്‍,മന്‍സൂര്‍ അലിഖാന്‍, മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി.എം.സുധീരന്‍, കെ.മുരളീധരന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ് എംഎല്‍എ, എപി അനില്‍കുമാര്‍ എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, കെപിസിസി ഭാരവാഹികള്‍,ഡിസിസി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു