SFI തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് BJP യില്‍ ചേര്‍ന്നു. കുടപ്പനക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു ഗോകുല്‍. സംഘടനാ വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ പാര്‍ട്ടിയില്‍ നിന്നും ഇയാളെ പുറത്താക്കിയിരുന്നു. 17 വര്‍ഷം CPM ന്റെ ഭാഗമായിട്ടാണ് പ്രവര്‍ത്തിച്ചത്. സിപിഎമമ്ില്‍ പെട്ടിതൂക്ക് രാഷ്ട്രീയമാണെന്നും തനിക്ക് സ്ഥാനമാനങ്ങള്‍ ലഭിച്ചത് അങ്ങനെയല്ലെന്നും ഗോകുല്‍ പ്രതികരിച്ചു. ഒരു പവര്‍ സിന്‍ഡിക്കേറ്റാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നും സിപിഎം മരുമക്കത്തായത്തെ അംഗീകരിച്ചില്ലെങ്കില്‍ ഇടമില്ലാത്ത അവസ്ഥയാണെന്നും രാഷ്ട്രബോധമെന്ന രാഷ്ട്രീയമായിരിക്കും ഇനി തന്നെ നയിക്കുകയെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ നൃത്തം ചെയ്യുന്ന വീഡിയോ മദ്യപിച്ചാണെന്ന വ്യാജപ്രചരണം CPM കേന്ദ്രങ്ങളില്‍ നിന്ന് തന്നെയാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. തന്നെ പുറത്താക്കാനായി നടത്തിയ നീക്കമായിരുന്നു അതെന്നാണ് ഗോകുല്‍ പറയുന്നത്. ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നെങ്കിലും 6 മാസമായി സജീവമല്ലായിരുന്നുവെന്നും ഗോകുല്‍ പറഞ്ഞു.
സിപിഎമ്മില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന ഗോകുലിനെ സസന്തോഷമാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചത്. മാറാത്തത് പലതും മാറുമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വികസിതകേരളം സൃഷ്ടിക്കാന്‍ BJP ക്ക് മാത്രമേ കഴിയൂവെന്ന് യുവാക്കള്‍ക്ക് അറിയാമെന്നും അതിന് തെളിവാണ് ഗോകുലിന്റെ BJP പ്രവേശനമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.