പഹല്‍ഗാമില്‍ തീവ്രവാദികള്‍ക്ക് പ്രോത്സാഹനമായത് പാക് സൈനിക മേധാവിയുടെ തീവ്ര മതനിലപാടെന്ന് എസ്. ജയശങ്കര്‍.

Jaihind News Bureau
Thursday, May 22, 2025

ന്യൂഡല്‍ഹി: ഒരു മാസം മുന്‍പ് പഹല്‍ഗാമില്‍ ലഷ്‌കര്‍ ഭീകരര്‍ മതാടിസ്ഥാനത്തില്‍ 25 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ സംഭവത്തെ പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിന്റെ ‘തീവ്ര മതപരമായ കാഴ്ചപ്പാടുമായി’ ബന്ധിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. കശ്മീരിലെ ടൂറിസം തകര്‍ക്കാനും മതപരമായ ഭിന്നത ആളിക്കത്തിക്കാനും ലക്ഷ്യമിട്ടുള്ള ‘ക്രൂരമായ’ നടപടിയായിരുന്നു പഹല്‍ഗാമിലെ ആക്രമണമെന്ന് ഡച്ച് ബ്രോഡ്കാസ്റ്ററായ എന്‍.ഒ.എസിന് (NOS) നല്‍കിയ അഭിമുഖത്തില്‍ ജയശങ്കര്‍ പറഞ്ഞു.

‘മതവിശ്വാസം ഉറപ്പാക്കിയ ശേഷം 26 പേരെ അവരുടെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് കൊലപ്പെടുത്തുകയാണ് ചെയ്തത് . കശ്മീര്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ ടൂറിസത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തത്,’ ജയശങ്കര്‍ പറഞ്ഞു. ആക്രമണത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് മനസ്സിലാക്കാന്‍, പാകിസ്ഥാന്‍ ഭാഗത്ത്, പ്രത്യേകിച്ച് അവരുടെ സൈനിക മേധാവി, തീവ്ര മതപരമായ കാഴ്ചപ്പാടുകളാല്‍ നയിക്കപ്പെടുന്ന വ്യക്തിയാണെന്ന് കാണണം. പ്രകടിപ്പിച്ച വീക്ഷണങ്ങളും ആക്രമണം നടത്തിയ രീതിയും തമ്മില്‍ വ്യക്തമായ ബന്ധമുണ്ട്,’ എന്നും കൂട്ടിച്ചേര്‍ത്തു.

പഹല്‍ഗാം ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ്, ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം ലഭിച്ച മുനീര്‍, പാകിസ്ഥാന്റെ രൂപീകരണത്തിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറയായ ദ്വിരാഷ്ട്ര സിദ്ധാന്തം ഉന്നയിച്ച് ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു. ‘ഹിന്ദുക്കളില്‍ നിന്ന് വ്യത്യസ്തരാണെന്ന്’ കുട്ടികളെ പഠിപ്പിക്കാന്‍ പാകിസ്ഥാനി പൗരന്മാരോട് അദ്ദേഹം ആഹ്വാനം ചെയ്യുകയും കശ്മീര്‍ പ്രശ്‌നത്തെ പാകിസ്ഥാന്റെ ‘കഴുത്തിലെ പ്രധാന ഞരമ്പ്’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ലഷ്‌കറിന്റെ ഉപവിഭാഗമായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെക്കുറിച്ച് (ടിആര്‍എഫ്) വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യ ഐക്യരാഷ്ട്രസഭയെ അറിയിച്ചിരുന്നതായും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. ‘ടിആര്‍എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. നിരവധി വര്‍ഷങ്ങളായി ഇത് ഞങ്ങളുടെ നിരീക്ഷണത്തിലുണ്ട്. ഏപ്രില്‍ 22ലെ ആക്രമണത്തിന് വളരെ മുന്‍പ് തന്നെ ഈ സംഘടനയെക്കുറിച്ച് ഞങ്ങള്‍ ഐക്യരാഷ്ട്രസഭയുടെയും ആഗോള സമൂഹത്തിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കമാന്‍ഡ് സെന്ററുകളും ഞങ്ങള്‍ ലക്ഷ്യമിട്ട പ്രദേശങ്ങളും ഞങ്ങള്‍ക്കറിയാം,’ അദ്ദേഹം പറഞ്ഞു. മെയ് 7ന് പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആരംഭിച്ചിരുന്നു. ഇതിലൂടെ ലഷ്‌കര്‍, ജയ്ഷ്-ഇ-മുഹമ്മദ് എന്നിവയുമായി ബന്ധമുള്ള ഒമ്പത് ഭീകര ക്യാമ്പുകള്‍ തകര്‍ക്കുകയും ഏകദേശം 100 ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.