ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യവിതരണ കോര്‍പ്പറേഷനായ ടാസ്മാക്കിനെതിരെ (തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണത്തിനും റെയ്ഡുകള്‍ക്കും സുപ്രീം കോടതി വ്യാഴാഴ്ച താല്‍ക്കാലിക സ്റ്റേ ഏര്‍പ്പെടുത്തി. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ണായകമായ ഈ ഉത്തരവിറക്കിയത്. ക്രമസമാധാനം സംസ്ഥാന വിഷയമായിരിക്കെ, ഇ.ഡിയുടെ നടപടികള്‍ അനുചിതവും ഭരണഘടനാ വിരുദ്ധവുമാകാന്‍ സാധ്യതയുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഒരു സംസ്ഥാന കോര്‍പ്പറേഷനെ ലക്ഷ്യമിടുന്നതിലൂടെ ഇ.ഡി ‘എല്ലാ പരിധികളും ലംഘിക്കുകയാണെന്നും’ ‘ഫെഡറല്‍ ഘടനയെ തകര്‍ക്കുകയാണെന്നും’ ചീഫ് ജസ്റ്റിസ് ഗവായ് രൂക്ഷമായി വിമര്‍ശിച്ചു.
മദ്രാസ് ഹൈക്കോടതിയുടെ ഏപ്രില്‍ 23ലെ ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഈ ഉത്തരവ്. ഇ.ഡി അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. തമിഴ്നാട്ടില്‍ 1000 കോടി രൂപയുടെ മദ്യ കുംഭകോണം നടന്നുവെന്നാണ് ഇ.ഡിയുടെ ആരോപണം. മദ്യവിതരണ ഓര്‍ഡറുകള്‍ ലഭിക്കുന്നതിനായി ഡിസ്റ്റിലറികള്‍ കണക്കില്‍പ്പെടാത്ത പണം നല്‍കിയെന്നാണ് ഇ.ഡി വാദം.
എന്നാല്‍, 2014-2021 കാലയളവില്‍ വ്യക്തിഗത ഔട്ട്ലെറ്റ് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ (ഡി.വി.എ.സി) മുഖേന 41 എഫ്ഐആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇ.ഡിയുടെ റെയ്ഡുകള്‍ കേന്ദ്ര ഏജന്‍സിയുടെ അധികാര ദുര്‍വിനിയോഗവും ഭരണഘടനാ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. റെയ്ഡുകള്‍ നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ പകപോക്കലാണെന്നും തമിഴ്നാട് ആരോപിച്ചു.
തമിഴ്നാടിന്റെ വാദങ്ങള്‍:
കൃത്യമായ തെളിവുകളോ വ്യക്തമായ കുറ്റകൃത്യമോ ഇല്ലാതെ ഇ.ഡി അധികാരപരിധി ലംഘിച്ച് ‘അലക്ഷ്യമായ അന്വേഷണം’ നടത്തുകയാണെന്ന് തമിഴ്നാട് സര്‍ക്കാരും ടാസ്മാക്കും വാദിച്ചു. റെയ്ഡുകളില്‍ ടാസ്മാക് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും (വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ) ഉപദ്രവിക്കുകയും ദീര്‍ഘനേരം തടഞ്ഞുവയ്ക്കുകയും അവരുടെ ഫോണുകളും വ്യക്തിഗത ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തതായി സംസ്ഥാനം ആരോപിച്ചു. ഇത് അവരുടെ സ്വകാര്യതയുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണ്. പ്രത്യേകിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായും സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനായും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഇ.ഡി പോലുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ഡി.എം.കെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു.
നേരത്തെ, ഇ.ഡി റെയ്ഡുകളെ ചോദ്യം ചെയ്ത് തമിഴ്നാട് സര്‍ക്കാരും ടാസ്മാക്കും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ടാസ്മാക് വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത് ഇതാദ്യമല്ല. ഏപ്രില്‍ 4 ന് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് സംസ്ഥാനത്തിന് പുറത്തുള്ള മറ്റൊരു ഹൈക്കോടതിയിലേക്ക് തങ്ങളുടെ ഹര്‍ജി മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ നാല് ദിവസത്തിന് ശേഷം ആ അപേക്ഷ പിന്‍വലിക്കുകയും ചെയ്തു.