തിരുവനന്തപുരം പേരൂര്‍ക്കടയില്‍ മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിയെ 20 മണിക്കൂര്‍ കസ്റ്റഡിയില്‍ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിന് ഉത്തരവാദികളായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എംഎല്‍എ. ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിന്ദുവും കുടുംബവും പോലീസ് സ്റ്റേഷനില്‍ നേരിട്ട ദുരനുഭവങ്ങള്‍ അദ്ദേഹത്തോട് വിശദീകരിച്ചു.
ജോലി ചെയ്തിരുന്ന വീട്ടിലെ മാല മോഷണം പോയി എന്ന പേരിലാണ് ബിന്ദു എന്ന ദളിത് സ്ത്രീയെ പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. മാല തിരികെ ലഭിക്കുകയും ബിന്ദു നിരപരാധിയാണെന്ന് തെളിയുകയും ചെയ്ത സാഹചര്യമുണ്ടായിട്ടും മണിക്കൂറുകളോളം ബിന്ദുവിനെ സ്റ്റേഷനില്‍ നിര്‍ത്തി അസഭ്യവര്‍ഷം ചൊരിയുകയും അപമാനിക്കുകയും ചെയ്തു. സ്റ്റേഷനില്‍ തനിക്കുണ്ടായ മോശം അനുഭവത്തില്‍ പരാതി നല്കാന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ സമീപിച്ചപ്പോള്‍ അവിടെ നിന്നും തിക്താനുഭവമാണ് ആ സ്ത്രീ നേരിട്ടത്. തന്റെ പരാതി അയാള്‍ വായിച്ചു പോലും നോക്കാതെ വലിച്ചെറിഞ്ഞുവെന്നാണ് ബിന്ദു പറഞ്ഞത്.