പഹല്‍ഗാം ഭീകരാക്രണം നടന്നിട്ട് ഇന്ന് ഒരു മാസം; ഭീകരര്‍ മറവില്‍ തന്നെ

Jaihind News Bureau
Thursday, May 22, 2025

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രണം നടന്നിട്ട് ഇന്ന് ഒരു മാസം. ജമ്മുകശ്മീരിലെ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സംസ്ഥാനത്തെ സാധാരണ നിലയിലാക്കാനുമുള്ള നീക്കങ്ങളെയാകെ അട്ടിമറിക്കുന്നതായിരുന്നു പഹല്‍ഗാമില്‍ നടന്ന കൂട്ടക്കൊല.

ജമ്മുകശ്മീരില്‍ നിന്ന് കഴിഞ്ഞമാസം 22ന് ആദ്യം പുറത്തുവന്നത് ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു എന്ന വിവരമായിരുന്നു. എന്നാല്‍ പിന്നീടാണ് നിഷ്ഠൂര ആക്രമണത്തിന്റെ വ്യാപ്തിയും ഭീകരതയും വെളിവാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. അര മണിക്കൂര്‍ ഭീകരതയഴിച്ചുവിട്ട ശേഷം കാട്ടിലേക്കോടി മറഞ്ഞവരുടെ ചിത്രങ്ങളും പേരുവിവരവും പിന്നീട് പുറത്തു വന്നു. ആദ്യം ഉത്തരവാദിത്തം ഏറ്റെടുത്ത ടിആര്‍എഫ് എന്ന ലഷ്‌കര്‍ ഇ ത്വയ്യിബ നിയന്ത്രിക്കുന്ന സംഘടന ഒരു ദിവസത്തില്‍ നിലപാട് മാറ്റി.

ഭീകരാക്രണത്തിന് പിന്നാലെ ജമ്മുകശ്മീരില്‍ ഉയര്‍ന്ന പ്രതിഷേധം ടിആര്‍എഫിനെ മാത്രമല്ല അവരെ പറഞ്ഞയച്ച ലഷ്‌കര്‍ ഇ ത്വയ്യിബയേയും പാക് സേനയുടെ രഹസ്യാന്വേഷണ ഗ്രൂപ്പായ ഐഎസ്‌ഐയിലെ കൊലയാളികളെയും ഞെട്ടിച്ചു. കശ്മീരില്‍ പ്രാദേശികമായി കിട്ടുന്ന പിന്തുണയുടെ കൂടി ഊര്‍ജ്ജത്തിലാണ് പാകിസ്ഥാന്‍ കേന്ദ്രീകൃത ഭീകര സംഘടനകള്‍ വളര്‍ന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം ഇവിടുത്തെ ജനത മെല്ലെ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുകയായിരുന്നു. സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ കശ്മീരികളില്‍ വീണ്ടും പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. ദില്ലിക്കും ശ്രീനഗറിലും ഇടയിലെ ദൂരം കുറഞ്ഞു തുടങ്ങിയിരുന്നു.

തെരഞ്ഞെടുപ്പ് വിജയകരമായി നടത്തിയതും ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിവാദങ്ങളില്ലാതെ അധികാരത്തില്‍ ഏറിയതും കശ്മീരിന്റെ വിനോദ സഞ്ചാര മേഖലയെ അടക്കം സഹായിച്ചു. ജനജീവിതം മെച്ചെപ്പെട്ടപ്പോഴാണ് അതിര്‍ത്തിക്കപ്പുറത്തെ ഗൂഢാലോചന വീണ്ടും സംസ്ഥാനത്തെ അഞ്ച് കൊല്ലം പിന്നോട്ട് കൊണ്ടു പോയിരിക്കുന്നത്. വിനോദ സഞ്ചാരികളെ രക്ഷിക്കാന്‍ നോക്കിയ കശ്മീരി യുവാവിനെയും ഭീകരര്‍ വെറുതെ വിട്ടില്ല. മതം ചോദിച്ച് ആളുകളെ തരംതിരിച്ച് നിറുത്തി കൊലപ്പെടുത്തിയത് ദിവസങ്ങള്‍ നീണ്ട ആസുത്രണത്തിന് തെളിവായി. ഭീകരരുടെ വീടുകള്‍ തകര്‍ത്തതിനോട് പോലും ഒരു വിഭാഗം കശ്മീരികള്‍ അനുകൂലമായി പ്രതികരിച്ചതും ഈ രോഷം കൊണ്ടായിരുന്നു. ജമ്മുകശ്മീര്‍ സര്‍ക്കാരും കേന്ദ്രത്തിന്റെ എല്ലാ നീക്കങ്ങള്‍ക്കും ശക്തമായ പിന്തുണ നല്‍കി കൂടെ നിന്നു.

പഹല്‍ഗാമില്‍ സ്ത്രീകളുടെ സിന്ദൂരം മാഞ്ഞതിനും 26 പേരുടെ ശരീരത്തില്‍ നിന്ന് ചിന്തിയ രക്തത്തിനും ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സേനകള്‍ ഭീകരര്‍ സങ്കല്പിക്കാത്ത മറുപടിയാണ് നല്‍കിയത്. പിന്നീട് സേന നടത്തിയ ഓപ്പറേഷനില്‍ പഹല്‍ഗാമിലെ കൂട്ടക്കൊലയ്ക്ക് സഹായം നല്‍കിയ ഒരാളുള്‍പ്പടെ ആറ് ഭീകരരെ വകവരുത്തി. എന്നാല്‍ പഹല്‍ഗാമിലെ കൂട്ടക്കൊലയില്‍ നേരിട്ട് പങ്കെടുത്തവര്‍ ഇപ്പോഴും കശ്മീരിലെ കാടുകളില്‍ ഒളിച്ചിരിക്കുകയാണ്. ഇവര്‍ അതിര്‍ത്തി കടന്നോ എന്നതിലും വ്യക്തതയില്ല. ആയിരകണക്കിന് വിനോദ സഞ്ചാരികള്‍ വരുന്നിടത്ത് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പോലും ഇല്ലാതിരുന്നതിന്റെ വീഴ്ച ആര്‍ക്കെന്ന ചോദ്യത്തിനും ഉത്തരമായിട്ടില്ല. ഭീകരതയെ നേരിടാന്‍ ഏതറ്റം വരെയും പോകാനുള്ള യോജിച്ച വികാരം പ്രകടമാകുന്നതിലേക്ക് നയിച്ച നാളിനാണ് ഒരു മാസം പൂര്‍ത്തിയാകുന്നത്. ഭീകരവാദത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ നടത്തിയ പക്വമായ പ്രതികരണങ്ങള്‍ രാജ്യം ഒരു കലാപത്തിലേക്ക് പോകുന്നത് തടഞ്ഞു എന്നതും രാജ്യത്തിന് ആശ്വാസം നല്‍കുന്നു.