കനത്തമഴയില്‍ വീടുകളിലേക്ക് ചെളിയും മണ്ണും ഒഴുകിയെത്തി; തളിപ്പറമ്പില്‍ ദേശീയപാത ഉപരോധിച്ച് നാട്ടുകാര്‍

Jaihind News Bureau
Wednesday, May 21, 2025

 

കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് ദേശീയപാത ഉപരോധിച്ച് നാട്ടുകാര്‍. ദേശീയപാത നിര്‍മ്മാണമേഖലയില്‍ നിന്നുള്ള മണ്ണും ചെളിവെള്ളവും വീടുകളിലേക്ക് ഒഴുകിയെത്തുന്നതിലാണ് പ്രതിഷേധം. ദേശീയപാത 66ന്റെ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് ചെളിയും മണ്ണും ഒഴുകിയെത്താന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് ദേശീയപാത ഉപരോധിച്ചത്. മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

അതേ സമയം സംസ്ഥാനത്ത് ദേശീയ പാതകളില്‍ വിള്ളല്‍ വീഴുന്നത് സ്ഥിരം കഥയായിരിക്കുകയാണ്. നിര്‍മാണം നടക്കുന്ന ദേശീയപാത 66 ലും കൂരിയാടും വിള്ളല്‍ രൂപപ്പെട്ടിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് മമ്മാലിപ്പടിയില്‍ പാലത്തില്‍ ഇന്ന് വിള്ളല്‍ കണ്ടെത്തിയത്. അധികൃതര്‍ പരിശോധന നടത്തിയാലെ അപകടത്തിന്റെ വ്യാപ്തി മനസ്സിലാക്കാനാകൂ.