ബുക്കര്‍ നേടിയ ബാനു മുഷ്താഖിന് കോണ്‍ഗ്രസിന്റെ അഭിനന്ദനം; കന്നഡ സാഹിത്യത്തിനും ഇന്ത്യക്കും ചരിത്ര നിമിഷമെന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Wednesday, May 21, 2025

ന്യൂഡല്‍ഹി: കന്നഡ സാഹിത്യകാരി ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം ലഭിച്ചതിലും, അവരുടെ കൃതി ഹാര്‍ട്ട് ലാംപ് ആഗോളതലത്തില്‍ ശ്രദ്ധ നേടിയതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അഭിനന്ദനങ്ങള്‍ അറിയിച്ചു. ബാനു മുഷ്താഖിനും കൃതിയുടെ വിവര്‍ത്തക ദീപ ഭാസ്തിയെയും അഭിനന്ദിക്കുന്നതായി പാര്‍ട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

ബാനു മുഷ്താഖിന്റെ ‘ഹാര്‍ട്ട് ലാംപ്’ നേടിയ അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം കന്നഡ സാഹിത്യത്തിനും ഇന്ത്യക്കും ചരിത്ര നിമിഷമാണെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. ‘പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കഥകള്‍ ആത്മാര്‍ത്ഥതയോടെ പറയുമ്പോള്‍ ലോകത്തെ ചലിപ്പിക്കാന്‍ അതിന് കഴിയുമെന്നതിന്റെ സ്ഥിരീകരണമാണിത്. അഭിമാനകരം… ഈ ശബ്ദങ്ങളെ ആഗോള ഹൃദയങ്ങളിലേക്ക് എത്തിച്ച വിവര്‍ത്തക ദീപ ഭാസ്തിക്കും എഴുത്തുകാരി ബാനു മുഷ്താഖിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ബാനു മുഷ്താഖിനും ദീപ ഭാസ്തിക്കും അഭിനന്ദനം അറിയിച്ചത്. ‘അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം നേടിയ എഴുത്തുകാരി ബാനു മുഷ്താഖ് ജിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. അവരുടെ വികാരനിര്‍ഭരമായ എഴുത്ത് ഇന്ത്യയുടെ യഥാര്‍ത്ഥ ചൈതന്യമായ സൗഹാര്‍ദ്ദം, മതേതരത്വം, സാഹോദര്യം എന്നീ മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നു. ഇത് രാജ്യത്തിന് അഭിമാന നിമിഷമാണ്. മുഷ്താഖിന്റെ പുരസ്‌കാരത്തിനര്‍ഹമായ കൃതി ‘ഹൃദയ ദീപ’ ‘ഹാര്‍ട്ട് ലാംപ്’ എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ദീപ ഭാസ്തി ജിയെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു,’ ഫേസ്ബുക്കില്‍ കുറിച്ചു.

എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിഭാഷകയുമായ ബാനു മുഷ്താഖിന്റെ ‘ഹാര്‍ട്ട് ലാംപ്’ എന്ന ചെറുകഥാ സമാഹാരത്തിനാണ് 50,000 പൗണ്ടിന്റെ അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം ലഭിച്ചത്. ഇതാദ്യമായാണ് ഒരു കന്നഡ കൃതിക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്. ദീപ ഭാസ്തിയാണ് ഈ കൃതി കന്നഡയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. പെന്‍ഗ്വിന്‍ ബുക്‌സാണ് പുസ്തകം പ്രസാധകര്‍