രാജീവ് ഗാന്ധി ഇന്ത്യയെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ചു; ആധുനികതയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Jaihind News Bureau
Wednesday, May 21, 2025

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു നൊമ്പരത്തോട് കൂടെയല്ലാതെ രാജീവ് ഗാന്ധിയെ സ്മരിക്കാന്‍ നമുക്ക് കഴിയില്ലെന്ന് അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു. തന്റെ യുവത്വം രാജ്യത്തിനു പകര്‍ന്നു നല്‍കി ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിപ്പിച്ചയാളാണ് രാജീവ് ഗാന്ധിയെന്നും ഏറ്റവും ചെറിയ ഒരു ഭരണകാലയളവില്‍ ഇന്ത്യയെ ആധുനികതയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്തുകയും ശാസ്ത്ര വളര്‍ച്ചയ്ക്ക് ഗതിവേഗം നല്‍കുകയും ചെയ്ത നേതൃത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും വി ഡി സതീശന്‍ ഓര്‍മ്മപ്പെടുത്തി.

വി ഡി സതീശന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു നൊമ്പരത്തോട് കൂടെയല്ലാതെ രാജീവ് ഗാന്ധിയെ സ്മരിക്കാന്‍ നമുക്ക് കഴിയില്ല. തന്റെ യുവത്വം രാജ്യത്തിനു പകര്‍ന്നു നല്‍കി, ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിപ്പിച്ചയാള്‍. ഏറ്റവും ചെറിയ ഒരു ഭരണകാലയളവില്‍ ഇന്ത്യയെ ആധുനികതയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്തുകയും ശാസ്ത്ര വളര്‍ച്ചയ്ക്ക് ഗതിവേഗം നല്‍കുകയും ചെയ്ത നേതൃത്വമായിരുന്നു അദ്ദേഹത്തിന്റേത്.

രാജീവിന്റെ മരണം ഉണ്ടാക്കിയ ശൂന്യതയില്‍ പോലും കുറ്റവാളികളുടെ ഉറ്റവരുടെ ദുഃഖം കൂടി തങ്ങളുടേതാക്കാന്‍ പോന്ന മാനവികതയുടെ പ്രതീകം കൂടിയാണ് ആ കുടുംബം. ഏറെ ദുരന്തങ്ങള്‍ കണ്ട അവര്‍ക്ക് വെറുപ്പിന്റെ ഒരു അംശം പോലുമില്ലാതെ അത്തരമൊരു നിലപാട് എടുക്കാന്‍ കഴിഞ്ഞത് അഹിംസ എന്നത് വാക്കുകള്‍ക്കപ്പുറം അവരുടെ ജീവിതചര്യ ആയത് കൊണ്ടാണ്. ഇന്ന് ഈ രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തോട് തങ്ങളുടെ ജീവിതം കൊണ്ട് പ്രതിരോധം തീര്‍ത്തവരാണ് ഇന്ദിരയും രാജീവും അവരുടെ പിന്‍തലമുറയും.

വീര്‍ഭൂമി കോണ്‍ഗ്രസിന് മാത്രമല്ല രാജ്യത്തിന് തന്നെ ഊര്‍ജ പ്രവാഹമാണ്. ആധുനിക ഇന്ത്യയുടെ ശില്‍പ്പിയാണ് രാജീവ് ഗാന്ധി. സ്‌നേഹത്തിന്റെയും മാനവികതയുടെയും മതനിരപേക്ഷതയുടേയും കൈയ്യൊപ്പ് പതിഞ്ഞ എത്രയെത്ര തീരുമാനങ്ങള്‍.
ദീപ്ത സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം.