കാസര്‍ഗോഡ് നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയപാത സര്‍വ്വീസ് റോഡ് ഇടിഞ്ഞു വീണു; ഒഴിവായത് വന്‍ ദുരന്തം

Jaihind News Bureau
Tuesday, May 20, 2025

 

കാസര്‍ഗോഡ് കാഞ്ഞങ്ങാട്ട് നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയപാത സര്‍വ്വീസ് റോഡ് ആദ്യ മഴയില്‍ തന്നെ ഇടിഞ്ഞു വീണു. ഇതു വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു.

ശക്തമായ മഴയിലാണ് മാവുങ്കാല്‍ ചെമ്മട്ടംവയല്‍ കല്യാണ്‍റോഡ് ഗ്യാരേജിന് സമീപം സര്‍വ്വീസ് റോഡ് തകര്‍ന്നു വീണത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് റോഡ് തകര്‍ന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട വാഹന യാത്രക്കാരന്‍ ഇതുവഴി വരുന്ന വാഹനങ്ങളെ തടഞ്ഞത് കാരണം വന്‍ ദുരന്തമാണ് ഒഴിവായത്. സര്‍വ്വീസ് റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം താറുമാറായി. ഒരു ഭാഗത്ത് കൂടി മാത്രമാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടന്നു പോകുന്നത്.റോഡ് തകര്‍ന്ന വിവരമറിഞ്ഞ് ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തിയാണ് വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു.