കഴിഞ്ഞ ഒമ്പത് വർഷക്കാലത്തിനിടയിൽ ഒരു വൻകിട പദ്ധതിക്ക് പോലും രൂപം കൊടുക്കാൻ പിണറായി സർക്കാറിന് സാധിച്ചിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വിഴിഞ്ഞവും മെട്രോയും ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് നടപ്പാക്കിയതല്ലാതെ എന്ത് വികസന പ്രവര്‍ത്തനങ്ങളാണ് ഒന്‍പതു വര്‍ഷത്തിനിടെ ഈ സര്‍ക്കാര്‍ നടപ്പാക്കിയതെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ പണം ധൂർത്തടിച്ച് വാർഷികം ആഘോഷിക്കാൻ സർക്കാറിന് യാതൊരു അവകാശവുമില്ല. വീഴ്ചകൾ ഓരോന്നായി ജനങ്ങളിൽ എത്തിക്കാനാണ് ഇന്ന് യുഡിഎഫ് കരിദിനം ആചരിക്കുന്നതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. കോഴിക്കോട് ഡിസിസിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞത്തെ കടൽ കൊള്ളയെന്ന് നിയമസഭയിൽ അധിക്ഷേപിച്ചവർ പിന്നീട് മേനി നടിക്കുകയാണ്. മുഖ്യമന്ത്രി മാത്രമല്ല കുടുംബവും വിഴിഞ്ഞത്തെ ആഘോഷമാക്കി. എന്നാൽ തൻ്റെ സർക്കാർ ഒമ്പത് വർഷത്തിനിടയിൽ ചെറുപ്പക്കാർക്ക് എന്ത് നൽകി എന്ന് പറയാൻ മുഖ്യമന്ത്രി സാധിക്കുന്നില്ല.
നാലാം വാർഷികത്തിൽ സംസ്ഥാനത്ത് ഉടനീളം കരിദിനം ആചരിക്കും. കേരളത്തിൽ ക്രമസമാധാന നില പാടെ തകർന്നു.
പാവപ്പെട്ട അമ്മമാർക്കും സഹോദരിമാർക്കും ജീവിക്കാനാവാത്ത സ്ഥിതിയാണുള്ളത്. അമ്മമാർക്ക് സ്വൈര്യമായ് തങ്ങളുടെ വീടുകളിൽ കിടന്നുറങ്ങാൻ ആവാത്ത അവസ്ഥയാണ്. മയക്കു മരുന്നതിന് അടിമകളായ മക്കൾ എന്തും ചെയ്യുന്ന സാഹചര്യമാണ്. വെഞ്ഞാറമൂട് കൂട്ടക്കൊല ഒറ്റപ്പെട്ട സംഭവമല്ല. അത്തരം മാനസികാവസ്ഥയിലേക്ക് ചെറുപ്പക്കാരെ വലിച്ചിഴക്കുമ്പോൾ മയക്ക് മരുന്ന് എത്തിച്ച് കൊടക്കുന്നവരെ സ്വതന്ത്രമായി വിഹരിക്കാൻ വിടുകയാണ് സർക്കാർ .
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണ്. 1996 ൽ ഇ കെ നായനാരുടെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ കേരളം സാമ്പത്തികമായി കൂപ്പുകുത്തിയിരുന്നു. അതിലും ദയനീയ സാഹചര്യത്തിലേക്കാണ് ഇപ്പോൾ പോകുന്നത്. 15 കോടിക്ക് കേരളത്തിലുടനീളം മുഖ്യമന്ത്രിയുടെ പുഞ്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ ഉയർത്താനാണ് സർക്കാറിന് താത്പര്യം. മുഖ്യമന്ത്രി കാസർകോട് മുതൽ പ്രമാണിമാരെ കണ്ടപ്പോൾ സമാന്തരമായി ആശാ വർക്കർമാർ സാധാരണക്കാരെ കണ്ട് സമരം നയിക്കുകയാണ്. സിപിഐ മന്ത്രിമാരെ പോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫ് വിട്ടുപോയവരെ തിരിച്ചു കൊണ്ടു വരാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അടൂർ പ്രകാശ് പറഞ്ഞു. കൂട്ടായ് ചർച്ച ചെയ്ത് തീരുമാനിക്കും. മൂന്നാം തവണ പിണറായി വിജയൻ അധികാരത്തിലെത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ആ ദൗത്യം മുന്നണി കൺവീനർ എന്ന നിലയിൽ താൻ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ, കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി ടി ഇസ്മയിൽ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ, കൺവീനർ അഹമ്മദ് പുന്നക്കൽ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.