യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര വളര്‍ന്നത് പാക് സഹായത്തോടെ; മറ നീങ്ങുന്നത് മറ്റൊരു ചാരക്കഥയോ ?

Jaihind News Bureau
Monday, May 19, 2025

ന്യൂഡല്‍ഹി: ‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയയായ ജ്യോതി മല്‍ഹോത്ര പാകിസ്ഥാന്റെ ചാരപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് അന്വേഷണ ഏജന്‍സികള്‍ പുറത്തു വിടുന്നത് . 3.80 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരുള്ള ജ്യോതി, സ്വതന്ത്ര വനിതാ സഞ്ചാരികളുടെ പ്രതീകമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍, പാകിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗത്തിനായി പ്രവര്‍ത്തിച്ചെന്ന ആരോപണത്തില്‍ ഹരിയാന സ്വദേശികളായ മറ്റ് അഞ്ച് പേര്‍ക്കൊപ്പം ജ്യോതിയും അറസ്റ്റിലായതോടെ, പുതിയ ചാരവൃത്തി ശൃംഖലയുടെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്.

‘ട്രാവല്‍വിത്ത്‌ജോ’ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിന് 1.32 ലക്ഷം ഫോളോവേഴ്സുണ്ട്. ‘നാടോടിയായ ലിയോ പെണ്‍കുട്ടി. പഴയ ചിന്താഗതിയുള്ള, അലഞ്ഞുതിരിയുന്ന ഹരിയാനക്കാരി + പഞ്ചാബി ആധുനിക പെണ്‍കുട്ടി’ എന്നാണ് അവരുടെ യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം പ്രൊഫൈലുകളിലെ ബയോ. ജ്യോതി മല്‍ഹോത്രയുടെ അറസ്റ്റ്, വൈകാരികമായും സാമ്പത്തികമായും ദൗര്‍ബ്ബല്യങ്ങളുള്ള ഇന്ത്യന്‍ യുവതികളെ രഹസ്യാന്വേഷണത്തിനും പ്രൊപ്പഗന്‍ഡ പ്രചരണത്തിനും വേണ്ടി പാകിസ്ഥാന്‍ ഹാന്‍ഡിലര്‍മാര്‍ ഉപയോഗപ്പെടുത്തുന്ന തന്ത്രങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു.


സോഷ്യല്‍ മീഡിയ താരത്തില്‍ നിന്ന് സംശയിക്കപ്പെടുന്ന ചാരവനിതയിലേക്ക്

2023-ല്‍ കമ്മീഷന്‍ ഏജന്റുമാര്‍ മുഖേന സംഘടിപ്പിച്ച വിസയില്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതോടെയാണ് ജ്യോതി മല്‍ഹോത്ര ചാരവൃത്തിയിലേക്ക് തിരിഞ്ഞതെന്ന് അധികൃതര്‍ പറയുന്നു. അവിടെ വെച്ച് ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ ഡാനിഷ് എന്നു വിളിക്കുന്ന എഹ്‌സാന്‍-ഉര്‍-റഹീമുമായി അവര്‍ അടുത്ത ബന്ധം സ്ഥാപിച്ചു. ഡാനിഷ് വഴി, ‘ഷാക്കിര്‍’ എന്ന ‘റാണാ ഷഹബാസ്’ ഉള്‍പ്പെടെയുള്ള പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ഒരു നെറ്റ് വര്‍ക്കുമായി ജ്യോതി ബന്ധം സ്ഥാപിച്ചു. ‘ജട്ട് രണ്‍ധാവ’ എന്ന പേരിലാണ് ഈ കോണ്‍ടാക്റ്റ് ജ്യോതി അവരുടെ ഫോണില്‍ സേവ് ചെയ്തിരുന്നത്. വാട്‌സ്ആപ്പ്, ടെലിഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ എന്‍ക്രിപ്റ്റഡ് ആശയവിനിമയ മാര്‍ഗങ്ങളിലൂടെ ജ്യോതി തന്റെ ഹാന്‍ഡിലര്‍മാരുമായി ബന്ധം പുലര്‍ത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

യൂട്യൂബ് ചാനലിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പാകിസ്ഥാന്റെ നല്ല ചിത്രം പ്രചരിപ്പിക്കുക. തന്ത്രപ്രധാനമായ ഇന്ത്യന്‍ സ്ഥലങ്ങളെക്കുറിച്ചുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ പങ്കുവെക്കുക. ഇന്ത്യയില്‍ താമസിക്കുമ്പോള്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഹാന്‍ഡിലര്‍മാരുമായി ആശയവിനിമയം നിലനിര്‍ത്തുക തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് ജ്യോതിയെ ഏല്‍പ്പിച്ചിരുന്നത്.

ഒരു പാകിസ്ഥാന്‍ ഉദ്യോഗസ്ഥനോടൊപ്പം ജ്യോതി ബാലിയിലേക്ക് വിനോദയാത്ര നടത്തിയതും തെളിഞ്ഞിട്ടുണ്ട് . ഇത് പാക്കികളുമായി ആഴത്തിലുള്ള വ്യക്തിപരമായ ബന്ധത്തെ സൂചിപ്പിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് മുന്നോടിയായി 2025 മാര്‍ച്ചിലും അതിനുമുമ്പ് 2023, 2024 വര്‍ഷങ്ങളിലും ജ്യോതി പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ പാകിസ്ഥാനിലേക്കും കശ്മീരിലേക്കും അവര്‍ ആവര്‍ത്തിച്ചു നടത്തിയ സന്ദര്‍ശനങ്ങളും അന്വേഷണ പരിധിയിലാണ്, പ്രത്യേകിച്ചും ചില സ്ഥലങ്ങളോ ഉള്ളടക്കമോ ഉള്‍പ്പെടുത്തി യാത്രാ വീഡിയോകള്‍ ചെയ്യാന്‍ അവര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നോ എന്ന് കണ്ടെത്തേണ്ടതുണ്ട്.

എന്നാല്‍ രഹസ്യ സൈനിക വിവരങ്ങളൊന്നും ജ്യോതിക്ക് നേരിട്ട് ലഭ്യമായിരുന്നില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. എന്നിരുന്നാലും, ഒരു ഇന്‍ഫ്‌ളുവന്‍സര്‍ എന്ന നിലയില്‍ അവരെ  വളര്‍ത്തിയെടുക്കുകയായിരുന്നു എന്ന് അന്വേഷണത്തില്‍ തെളിയുന്നുണ്ട്. പഹല്‍ഗാം സംഭവത്തിന് ശേഷം പാകിസ്ഥാന് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് തോന്നിപ്പിക്കുന്ന ഒരു വീഡിയോ ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇതുവരെ ജ്യോതി ഖേദം പ്രകടിപ്പിച്ചിട്ടില്ല. താന്‍ അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കുകയാണെന്ന് അവകാശവാദം.