മോദിയെ വിമര്‍ശിച്ചു; യുകെയിലെ ഇന്ത്യന്‍ വംശജയുടെ ഒസിഐ കാര്‍ഡ് റദ്ദാക്കി; ‘ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍’ എന്ന് കേന്ദ്ര സര്‍ക്കാര്‍

Jaihind News Bureau
Monday, May 19, 2025

ലണ്ടന്‍: യുകെയിലെ ഇന്ത്യന്‍ വംശജയായ പ്രൊഫസര്‍ നിതാഷ കൗളിന്റെ ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ‘ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു’ എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ വര്‍ഷം ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെ കൗളിനെ നാടുകടത്തിയിരുന്നു. ഒസിഐ പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട അറിയിപ്പ് മെയ് 18ന് നിതാഷ കൗള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നുള്ള ഔദ്യോഗിക കത്തിന്റെ ഒരു ഭാഗത്തിന്റെ ചിത്രവും അവര്‍ ഇതോടൊപ്പം ചേര്‍ത്തിരുന്നു.

‘എന്റെ ഒസിഐ (ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ) റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചു. മോദി ഭരണത്തിന്റെ ന്യൂനപക്ഷ വിരുദ്ധ, ജനാധിപത്യ വിരുദ്ധ നയങ്ങളെ എതിര്‍ത്തതിന് ദുരുദ്ദേശ്യപരവും പ്രതികാരപരവും ക്രൂരവുമായ ഉദാഹരണമാണിത്,’ കൗള്‍ എക്സില്‍ കുറിച്ചു.

വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാലയിലെ പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗത്തിലെ ഫാക്കല്‍റ്റി അംഗമാണ് നിതാഷ കൗള്‍. ഡല്‍ഹി സര്‍വകലാശാലയിലെ ശ്രീ റാം കോളേജ് ഓഫ് കൊമേഴ്സില്‍ നിന്ന് ബിരുദം നേടിയ കൗള്‍, യുകെയിലെ ഹള്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടി.

കഴിഞ്ഞ വര്‍ഷം കര്‍ണ്ണാടക സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയതിന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കൗളിനെ നാടുകടത്തിയിരുന്നു. ആര്‍എസ്എസിനെ വിമര്‍ശിക്കുന്നതാണ് തന്റെ അയോഗ്യതയെന്നും അവര്‍ അന്നു പ്രതികരിച്ചിരുന്നു.