ഇന്ത്യ ധര്‍മ്മശാലയല്ല, ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാന്‍ കഴിയില്ല: ശ്രീലങ്കന്‍ പൗരന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

Jaihind News Bureau
Monday, May 19, 2025

ന്യൂഡല്‍ഹി: ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുന്നതിനെ ചോദ്യം ചെയ്ത് ശ്രീലങ്കന്‍ പൗരന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാന്‍ കഴിയുന്ന ഒരു ‘ധര്‍മ്മശാല’യല്ല ഇന്ത്യയെന്ന് കോടതി വ്യക്തമാക്കി.
‘ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളെ ഇന്ത്യക്ക് താങ്ങാനാവില്ല. 140 കോടി ജനസംഖ്യയുള്ള നമ്മള്‍ ഇതിനകം തന്നെ ബുദ്ധിമുട്ടുകയാണ്. ഇത് എല്ലായിടത്തുനിന്നുമുള്ള വിദേശ പൗരന്മാരെ സ്വീകരിക്കാന്‍ കഴിയുന്ന ധര്‍മ്മശാലയല്ല,’ ജസ്റ്റിസുമാരായ ദീപങ്കര്‍ ദത്ത, കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ശ്രീലങ്കന്‍ തമിഴ് വംശജനായ ഹര്‍ജിക്കാരന്‍, തന്റെ രാജ്യത്തേക്ക് മടങ്ങിയാല്‍ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാടുകടത്തുന്നതില്‍ നിന്ന് സംരക്ഷണം തേടിയിരുന്നു. എന്നാല്‍, ബെഞ്ച് ഈ വാദം അംഗീകരിച്ചില്ല. ‘മറ്റേതെങ്കിലും രാജ്യത്തേക്ക് പോകൂ,’ ഹര്‍ജി തള്ളിക്കൊണ്ട് ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. യുഎപിഎ പ്രകാരം ശിക്ഷിക്കപ്പെട്ട ഹര്‍ജിക്കാരനെ, 7 വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കിയാലുടന്‍ നാടുകടത്തണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

ഇന്നത്തെ വാദത്തിനിടെ, ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും നാടുകടത്തല്‍ നടപടികള്‍ ആരംഭിക്കാതെ ഏകദേശം മൂന്ന് വര്‍ഷത്തോളം ഹര്‍ജിക്കാരന്‍ തടങ്കലില്‍ കഴിഞ്ഞതായി അഭിഭാഷകന്‍ വാദിച്ചു. വിസയില്‍ ഇന്ത്യയിലെത്തിയ ഹര്‍ജിക്കാരന് ശ്രീലങ്കയിലേക്ക് തിരിച്ചയച്ചാല്‍ ജീവന് ഗുരുതരമായ ഭീഷണിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എങ്കിലും, ബെഞ്ച് വഴങ്ങിയില്ല. ‘ഇവിടെ താമസിക്കാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശമാണുള്ളത്?’ എന്ന് ജസ്റ്റിസ് ദത്ത ചോദിച്ചു. ഹര്‍ജിക്കാരന്‍ ഒരു അഭയാര്‍ത്ഥിയാണെന്നും ഭാര്യയും മക്കളും ഇതിനകം ഇന്ത്യയില്‍ താമസിക്കുന്നുണ്ടെന്നും അഭിഭാഷകന്‍ മറുപടി നല്‍കി.

നിയമപ്രകാരമുള്ള തടങ്കലായതിനാല്‍ ആര്‍ട്ടിക്കിള്‍ 21 (ജീവിക്കാനും വ്യക്തിഗത സ്വാതന്ത്ര്യത്തിനുമുള്ള അവകാശം) ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദത്ത ഹര്‍ജി തള്ളി. ഇന്ത്യയില്‍ താമസിക്കാനുള്ള മൗലികാവകാശമായ ആര്‍ട്ടിക്കിള്‍ 19 ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.