വ്യാജ മോഷണത്തിന്‍റെ പേരില്‍ വീട്ടുജോലിക്കാരിക്ക് മാനസിക പീഡനം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Jaihind News Bureau
Monday, May 19, 2025

സ്വര്‍ണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ വീട്ടുജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂര്‍ പോലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഡി വൈ എസ് പി അല്ലെങ്കില്‍ അസി. കമ്മീഷണര്‍ റാങ്കില്‍ കുറയാത്ത പോലീസുദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.

പോലീസ് പീഡനത്തിന് ഇരയായ വീട്ടുജോലിക്കാരിയുടെ മൊഴി വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിലെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. വനിതാ അഭിഭാഷകയെ ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി നിയമിക്കണമെന്നും നിബന്ധനുണ്ട്. ജൂലൈ 3ന് രാവിലെ 10 ന് മനുഷ്യാവകാശ കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.