ഓപ്പറേഷന്‍ സിന്ദൂര്‍: പാകിസ്ഥാനെ മുന്‍കൂട്ടി അറിയിച്ചോ? ജയശങ്കറിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

Jaihind News Bureau
Monday, May 19, 2025

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്ന വിവരം പാകിസ്ഥാനെ മുന്‍കൂട്ടി അറിയിച്ചെന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ വെളിപ്പെടുത്തലില്‍ മൗനം പാലിക്കുന്നതില്‍ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനും ജയശങ്കറിനുമെതിരെ വീണ്ടും ആഞ്ഞടിച്ചത്.

‘പാകിസ്ഥാനെ ‘മുന്‍കൂട്ടി വിവരം അറിയിച്ച’ വിഷയത്തില്‍ ഇഎഎം ജയശങ്കറിന്റെ നിശബ്ദത കുറ്റകരമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അതിനാല്‍ വീണ്ടും ചോദിക്കുന്നു: പാകിസ്ഥാന്‍ അറിഞ്ഞതുകൊണ്ട് എത്ര ഇന്ത്യന്‍ വിമാനങ്ങളാണ് നമുക്ക് നഷ്ടമായത്? ഇതൊരു വീഴ്ചയായിരുന്നില്ല, മറിച്ച് കുറ്റകൃത്യമായിരുന്നു. രാഷ്ട്രം സത്യാവസ്ഥ അറിയണം,’ രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

‘ഓപ്പറേഷന്റെ തുടക്കത്തില്‍, ഞങ്ങള്‍ പാകിസ്ഥാന് ഒരു സന്ദേശം അയച്ചിരുന്നു’ എന്ന് ജയശങ്കര്‍ പറയുന്ന ഒരു വീഡിയോ ക്ലിപ്പ് പരാമര്‍ശിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ‘ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങളെയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും സൈന്യത്തെയല്ലെന്നും’ പാകിസ്ഥാനെ അറിയിച്ചിരുന്നതായി ജയശങ്കര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ‘അതുകൊണ്ട് സൈന്യത്തിന് ഈ പ്രക്രിയയില്‍ ഇടപെടാതെ മാറിനില്‍ക്കാന്‍ അവസരമുണ്ടായിരുന്നു. ആ നല്ല ഉപദേശം അവര്‍ സ്വീകരിച്ചില്ല,’ എന്നും മന്ത്രി ക്ലിപ്പില്‍ പറയുന്നു.

കഴിഞ്ഞയാഴ്ചയും, ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനെ ‘അറിയിച്ചതില്‍ ്’ രാഹുല്‍ ഗാന്ധി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഇതൊരു കുറ്റകൃത്യമാണെന്നും ആരാണ് ഇതിന് അനുമതി നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. ഇതിന്റെ ഫലമായി ഇന്ത്യന്‍ വ്യോമസേനയ്ക്ക് എത്ര വിമാനങ്ങള്‍ നഷ്ടപ്പെട്ടു എന്നും രാഹുല്‍ ഗാന്ധി ചോദ്യമുന്നയിച്ചു.

വിഷയത്തില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും മറുപടി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ‘ഈ മുന്‍കൂര്‍ അറിയിപ്പ് ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന് ആക്രമണത്തിന് മുമ്പ് രക്ഷപ്പെടാന്‍ സഹായകമായോ എന്നും ഞങ്ങള്‍ക്ക് അറിയണം,’ ഖേര കൂട്ടിച്ചേര്‍ത്തു.
ഏതൊരു പാര്‍ലമെന്ററി ജനാധിപത്യത്തിലും, പ്രതിപക്ഷം ദേശീയ സുരക്ഷാ വിഷയങ്ങള്‍ ഉന്നയിക്കുമ്പോള്‍ മന്ത്രിമാര്‍ പ്രതികരിക്കാന്‍ ബാധ്യസ്ഥരാണെന്ന് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ എക്സില്‍ കുറിച്ചു. ‘എന്നിട്ടും, ഇഎഎം നിശബ്ദത പാലിക്കുകയാണ്. ഈ നിശബ്ദത ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട് ‘ അദ്ദേഹം പറഞ്ഞു.

എന്നാല്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും (പിഐബി) ഈ വാദങ്ങള്‍ തള്ളിക്കളയുകയാണ്. മന്ത്രിയുടെ വാക്കുകള്‍ തെറ്റായി ഉദ്ധരിക്കുകയാണെന്നും അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും പിഐബിയുടെ ഫാക്ട് ചെക്ക് യൂണിറ്റ് എക്സിലൂടെ അറിയിച്ചു. എന്നാല്‍, അതു ശരിയല്ലെന്ന് വീഡിയോ കാണുന്നവര്‍ക്ക് മനസ്സിലാകുമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ‘ഞങ്ങള്‍ പാകിസ്ഥാനെ തുടക്കത്തില്‍ അറിയിച്ചു’ എന്ന് ജയശങ്കര്‍ വീഡിയോയില്‍ വ്യക്തമായി പറയുന്നത് കേള്‍ക്കാമെന്ന് പവന്‍ ഖേര വ്യക്തമാക്കി.