പോലീസ് ഭരണത്തിന്റെ നേര്‍സാക്ഷ്യമാണ് ബിന്ദുവിന്റെ അനുഭവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. പോലീസ് സ്‌റ്റേഷനിലെത്തുന്നവര്‍ക്ക് ക്ലോസറ്റിലെ വെള്ളമാണോ നല്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ബിന്ദുവിനുണ്ടായ ദുരനുഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എന്തു ചെയ്തുവെന്നും നാലു വര്‍ഷം പൊലീസ് എങ്ങനെയായിരുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സര്‍ക്കാരില്ലായ്മയാണ് സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ മുഖമുദ്രയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ലഹരി മരുന്ന് വ്യാപകമാക്കിയത് സര്‍ക്കാര്‍ നയങ്ങളാണ്. എന്നാല്‍ വേടനെ സര്‍ക്കാര്‍ പോത്സാഹിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും അയാള്‍ തെറ്റ് മനസ്സിലാക്കി തിരുത്തുമെന്ന് പറഞ്ഞതാന്നെും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സാമ്പത്തിക സ്ഥിതി ആകെ തകര്‍ന്ന് കടബാധ്യത കൂടിയിരിക്കുകയാണ്. എല്ലാ മേഖലകളും പ്രതിസന്ധിയിലാണ്. എന്നിട്ടും വഴിനീളെ സര്‍ക്കാരിന്റെ പരസ്യങ്ങളും ഹോര്‍ഡിങ്ങുകളും വയ്ക്കാന്‍ കോടികള്‍ ചിലവഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാലാം വാര്‍ഷികാഘോഷത്തിന് പരസ്യമല്ലാതെ മാധ്യമങ്ങള്‍ക്ക് പണം കൊടുക്കുന്നുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.