കോഴിക്കോട് നഗരത്തില്‍ ഇന്നലെയുണ്ടായ തീപിടിത്തത്തെ കുറിച്ച് ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്ന് വ്യാപാരി വ്യവസായി സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടു. വ്യാപാരികളുടെ ഭാഗത്തുനിന്നും എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ വ്യാപാരി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുമെന്നും വ്യാപാരി വ്യവസായി സമിതിയുടെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നേതാക്കള്‍ പറഞ്ഞു. അതോടൊപ്പം ഇത്തരത്തിലുള്ള വലിയ നാശനഷ്ടം സംഭവിക്കുമ്പോള്‍ വ്യാപാരികളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത് അത്യാവശ്യമാണെന്നും സംഘടനാ നേതാക്കള്‍
ആവശ്യപ്പെട്ടു.
കോഴിക്കോട് നഗരത്തില്‍ ആയിരക്കണക്കിന് വ്യാപാരികള്‍ യാതൊരു സുരക്ഷയും ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്നലെ പുതിയ സ്റ്റാന്‍ഡില്‍ തീപിടിത്തമുണ്ടായ സമയത്ത് ഫയര്‍ യൂണിറ്റുകള്‍ക്ക് സ്ഥലത്തെത്തിച്ചേരുക എളുപ്പമായിരുന്നു. എന്നിട്ടും തീ നിയന്ത്രിക്കുന്നതിന് വലിയ കാലതാമസം നേരിട്ടു. എന്നാല്‍ മിഠായിത്തെരുവ് പോലുള്ള സ്ഥലങ്ങളില്‍ നേരത്തെ തീ പിടുത്തമുണ്ടായപ്പോള്‍ അവിടെ പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല. ഇത് ഫയര്‍ യൂണിറ്റുകള്‍ ആധുനികവല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണെന്ന കാര്യം ചൂണ്ടികാണിക്കുന്നു എന്നും വ്യാപാരി സംഘടന പ്രതിനിധികള്‍ അറിയിച്ചു. ഇന്നലെ തീ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നാണ് ക്രാഷ്‌ലാന്‍ഡ് സംവിധാനം എത്തിച്ചത്. അതിനു ശേഷമാണ് ഇന്നലെയുണ്ടായ തീയണക്കാന്‍ സാധിച്ചതെന്നും
വ്യാപാരി സംഘടന പ്രതിനിധികള്‍ പറഞ്ഞു.
അതേസമയം വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്‌ക്വാഡിന്റെയും പരിശോധന തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ ആരംഭിച്ചു. ഇതിനുപുറമെ ജില്ലാ ഫയര്‍ ഓഫീസറുടെയും ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെയും പിഡബ്ല്യുഡി വിഭാഗത്തിന്റെയും പരിശോധനയും നടക്കുന്നുണ്ട്. ഈ പരിശോധനകളുടെ റിപ്പോര്‍ട്ട് ഉടന്‍ തന്നെ ചീഫ് സെക്രട്ടറിക്ക് കൈമാറും. ഇന്നലെ തീപിടിത്തമുണ്ടായ കെട്ടിടത്തിലെ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സില്‍ മാത്രം എട്ട് കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
കൂടാതെ തൊട്ടടുത്ത മറ്റ് സ്ഥാപനങ്ങളിലെ നഷ്ടം കൂടെ കണക്കില്‍ എടുക്കുമ്പോള്‍ കോടികളുടെ നഷ്ടമാണ് കെട്ടിടത്തിലെ ഓരോ വ്യാപാരികള്‍ക്കും ഉണ്ടായത്.