മെസ്സി കേരളത്തില്‍ വരും; ഇപ്പോഴുള്ളത് അനാവശ്യ ചര്‍ച്ചകള്‍: കായിക മന്ത്രി

Jaihind News Bureau
Monday, May 19, 2025

മെസ്സി കേരളത്തില്‍ വരുമെന്നും അതില്‍ ഒരു സംശയവും വേണ്ടെന്നും കായിക വകുപ്പ് മന്ത്രി അബ്ദു റഹിമാന്‍. ഇപ്പോഴുള്ളത് അനാവശ്യ ചര്‍ച്ചകളാണ്. അതില്‍ വിവാദമുണ്ടാക്കേണ്ട കാര്യമില്ല. ഒക്ടോബര്‍ അല്ലെങ്കില്‍ നവംബറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുമെന്നും എതിര്‍ ടീമിനെ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ പല സ്റ്റേഡിയങ്ങളും നവീകരിക്കാന്‍ പണം നല്‍കാമെന്ന് പറഞ്ഞതാണ്. അതാത് സ്ഥലങ്ങളിലെ ഭരണനേതൃത്വത്തിന്റെ താല്‍പര്യക്കുറവ് കൊണ്ടാണ് നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മെസി കേരളത്തില്‍ വരുന്നതില്‍ ആശയക്കുഴപ്പം തുടരുകയാണ്. കായിക മന്ത്രിയുടെയും സ്പോണസറുടേയും പരസ്പര വിരുദ്ധ നിലപാടാണ് ആശയക്കുഴപ്പമുണ്ടായിരിക്കുന്നത്. സ്പോണ്‍സര്‍ പണമടച്ചാല്‍ ടീം വരുമെന്ന് കായിക മന്ത്രി പറഞ്ഞു. അതേസമയം തീയതി കിട്ടാതെ പണം അടക്കാനാകില്ലെന്ന് സ്പോണ്‍സര്‍ വ്യക്തമാക്കി. മെസി കേരളത്തില്‍ എത്തുമോ ഇല്ലിയോ എന്നാണ് ആരാധകരുടെ ചോദ്യം. മെസിയെ കേരളത്തിലെത്തിക്കുമെന്ന ഉറച്ച വാദം നടത്തിയ സര്‍ക്കാരിന് ഇപ്പോള്‍ ആരാധകരുടെ ചോദ്യത്തിന് ഉത്തരമില്ല. ആശയക്കുഴപ്പം തുരുമ്പോഴും മെസിയെ എത്തിക്കുമെന്നാണ് കായിക മന്ത്രി ആവര്‍ത്തിക്കുന്നത്.