ഗുജറാത്ത് പ്ലേ ഓഫില്‍; ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

Jaihind News Bureau
Monday, May 19, 2025

ഡല്‍ഹി ക്യാപിറ്റല്‍സിനെ 10 വിക്കറ്റിന് തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ പ്ലേ ഓഫില്‍. ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ 200 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് ഒരോവര്‍ ശേഷിക്കെ വിജയമുറപ്പിക്കുകയായിരുന്നു. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനുമാണ് ഗുജറാത്തിന് അനായാസ വിജയം സമ്മാനിച്ചത്. സായ് സുദര്‍ശന്‍ സെഞ്ച്വറി നേടിയപ്പോള്‍ ഗില്‍ പുറത്താവാതെ 93 റണ്‍സെടുത്തു. 12 കളികളില്‍നിന്ന് ഒന്‍പത് വിജയങ്ങളുള്ള ഗുജറാത്ത് 18 പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ്.

കെ.എല്‍ രാഹുലിന്റെ സെഞ്ചുറി കരുത്തിലാണ് ഡല്‍ഹി 199 റണ്‍സ് പടുത്തുയര്‍ത്തിയത്. എന്നാല്‍ രാഹുലിന്റെ സെഞ്ചുറി പാഴായി. നിര്‍ണായക മത്സരത്തില്‍ തോല്‍വി വഴങ്ങിയതോടെ അക്ഷര്‍ പട്ടേലിനും സംഘത്തിനും പ്ലേ ഓഫ് സ്ഥാനമുറപ്പിക്കാന്‍ കാത്തിരിക്കേണ്ടി വരും. ആദ്യ നാല് സ്ഥാനത്തിലെത്താന്‍ അവര്‍ക്ക് ശേഷിക്കുന്ന മത്സരങ്ങള്‍ ജയിക്കുക മാത്രമല്ല, മറ്റ് ടീമുകളുടെ ഫലങ്ങളെയും ആശ്രയിക്കേണ്ടതുണ്ട്.

ഗുജറാത്തിന്റെ വിജയത്തോടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിംഗ്സും പ്ലേഓഫ് യോഗ്യത ഉറപ്പാക്കി. ഇതോടെ അവസാന പ്ലേഓഫ് സ്ഥാനത്തിനായി ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനെ കൂടാതെ മുംബൈ ഇന്ത്യന്‍സും (14 പോയിന്റ്), ലഖ്നൗ സൂപ്പര്‍ ജയന്റ്‌സുമാണ്(10 പോയിന്റ്) ശേഷിക്കുന്ന സ്ഥാനത്തിനായി മത്സരിക്കുന്ന രണ്ട് ടീമുകള്‍.