ഹൈദരാബാദില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ പദ്ധതി: ഐസിസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേര്‍ പോലീസ് പിടിയില്‍

Jaihind News Bureau
Monday, May 19, 2025

ഭീകര ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവാക്കള്‍ ഹൈദരബാദില്‍ പിടിയില്‍. വിജയനഗരം സ്വദേശിയായ സിറാജ്, ഹൈദരാബാദ് സ്വദേശിയായ സമീര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് സൗദി അറേബ്യയിലെ ഐസിസ് വിഭാഗവുമായി ബന്ധമുണ്ടെന്നാണ് വിവരം. തെലങ്കാന-ആന്ധ്രാപ്രദേശ് പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവര്‍ പിടിയിലായത്.

സ്ഫോടക വസ്തുക്കളായ അമോണിയ, സള്‍ഫര്‍, അലുമിനിയം പൗഡര്‍ എന്നിവയും ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. യുവാക്കള്‍ കസ്റ്റഡിയിലാണെന്നും വൈകാതെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. പൊതുസമൂഹം ജാഗ്രത പുലര്‍ത്തുകയും പൊലീസിനോട് സഹകരിക്കുകയും വേണമെന്നും അറിയിപ്പുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങളെത്തുടര്‍ന്ന് സുരക്ഷാ സേന ജമ്മു കശ്മീര്‍ ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ വിപുലമായ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.