കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മധ്യപ്രദേശ് മന്ത്രി വിജയ്ഷാ നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവിനെതിരെയാണ് മന്ത്രി ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് സൂര്യകാന്ത്, എന്‍ കെ സിംഗ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
കഴിഞ്ഞദിവസം കേസ് പരിഗണിച്ച കോടതി മന്ത്രിയെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. മെയ് 14 നാണ് സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ കേസെടുക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി് ഡിജിപിക്ക് നിര്‍ദേശം നല്‍കിയത്. തീവ്രവാദികളുടെ സഹോദരിയെ കൊണ്ടുതന്നെ പഹല്‍ഗാം ആക്രമണത്തിന് മറുപടി നല്കി എന്നായിരുന്നു മന്ത്രിയുടെ വിദ്വേഷ പരാമര്‍ശം.
‘സോഫിയ ഖുറേഷി ജാതിക്കും മതത്തിനും അതീതമായി ഇന്ത്യയ്ക്ക് അഭിമാനം കൊണ്ടുവന്നു. രാജ്യത്തോടുള്ള അവരുടെ സേവനത്തിന് അവരെ അഭിവാദ്യം ചെയ്യുന്നു. സ്വപ്നത്തില്‍ പോലും അവരെ അപമാനിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ കഴിയില്ല. എന്റെ വാക്കുകള്‍ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പത്തു തവണ ക്ഷമ ചോദിക്കാന്‍ തയാറാണെന്നും മന്ത്രി പിന്നീട് പറഞ്ഞിരുന്നു. മന്ത്രിയുടെ വാക്കുകള്‍ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിജയ് ഷായെ സംസ്ഥാന മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.