പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പഞ്ചാബ് കിംഗ്സ് പ്ലേ ഓഫ് സ്വപ്നത്തിനരികെ. നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെ 10 റണ്‍സിന് തോല്‍പ്പിച്ചു. ജയത്തോടെ 12 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് നെഹാല്‍ വധേര 70(37), ശശാങ്ക് സിംഗ് 59*(30) എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളുടെ മികവില്‍ 219-5 എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് സ്വപ്ന സമാനമാനമായ തുടക്കമാണ് ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും 50(25), കൗമാരതാരം വൈഭവ് സൂര്യവന്‍ശിയും 40(15) നല്‍കിയത്. 29 പന്തുകളില്‍ നിന്ന് 76 റണ്‍സ് അടിച്ചു കൂട്ടിയ ശേഷമാണ് ഈ സഖ്യംപിരിഞ്ഞത്. ഒരിടവേളക്കു ശേഷം കളിക്കാനിറങ്ങിയ നായകന് സഞ്ജു സാംസണ് 16 പന്തില്‍ 20 റണ്‍സുമായി മടങ്ങി. റിയാന്‍ പരാഗ് 13(11), ഷിംറോണ്‍ ഹെറ്റ്മയര്‍ 11(10) തുടങ്ങിയവര്‍ വേഗം മടങ്ങിയപ്പോള്‍ ധ്രുവ് ജൂരല്‍ നിലയുറപ്പിച്ചത് രാജസ്ഥാന് പ്രതീക്ഷ നല്കി. എന്നാല്‍ അവസാന ഓവറിന്റെ മൂന്നാം പന്തില്‍ ജൂരല്‍ 53(31) പുറത്തായതോടെ രാജസ്ഥാന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. പഞ്ചാബിന് വേണ്ടി ഹര്‍പ്രീത് ബ്രാര്‍ മൂന്ന് വിക്കറ്റുകളും അസ്മത്തുള്ള ഒമര്‍സായ്, മാര്‍ക്കോ യാന്സന് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി
ഇന്ത്യന്‍ സായുധസേനയ്ക്ക് ആദരമര്‍പ്പിച്ചു കൊണ്ടായിരുന്നു ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ രാജസ്ഥാന് റോയല്‍സ്-പഞ്ചാബ് കിംഗ്സ് മത്സരം ആരംഭിച്ചത്. ദേശീയഗാനത്തിനൊപ്പം ഗാലറി ഒന്നടങ്കം എഴുന്നേറ്റു നിന്ന് രാജ്യത്തിന് രക്ഷാകവചമേകുന്നവര്‍ക്ക് ആദരമേകി.