ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന നിരോധിത സംഘടന ലഷ്‌കര്‍-ഇ-ത്വയ്യിബയുടെ ഉന്നത നേതാവ് തീവ്രവാദി സൈഫുള്ള ഖാലിദ് പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. അജ്ഞാതരായ ആക്രമികളാണ് ഇയാളെ വെടിവച്ചു കൊന്നത്. 2001ലെ റാംപൂരിലെ സിആര്‍പിഎഫ് ക്യാമ്പ് ആക്രമണം, 2005ലെ ബാംഗ്ലൂരിലെ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് (ISC) ആക്രമണം, 2006ലെ നാഗ്പൂരിലെ രാഷ്ട്രീയ സ്വയംസേവക് സംഘ് (RSS) ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണം എന്നീ മൂന്ന് പ്രധാന ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനായിരുന്നു ഖാലിദ്. അഞ്ച് വര്‍ഷത്തിനിടയില്‍ നടന്ന ഈ ആക്രമണങ്ങളില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.
കുറേ നാള്‍ ഇയാള്‍ ‘വിനോദ് കുമാര്‍’ എന്ന വ്യാജേന ഖാലിദ് വര്‍ഷങ്ങളോളം നേപ്പാളില്‍ താമസിച്ചു, അവിടെ വ്യാജ ഐഡന്റിറ്റിയില്‍ കഴിയുകയും നഗ്മ ബാനു എന്ന പ്രാദേശിക യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. നേപ്പാളില്‍ നിന്ന്, ലഷ്‌കര്‍-ഇ-ത്വയ്യിബയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നതായും, റിക്രൂട്ട്മെന്റിലും ലോജിസ്റ്റിക്സിലും നിര്‍ണായക പങ്ക് വഹിച്ചിരുന്നെങ്കിലും സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ ഒതുങ്ങിക്കഴിഞ്ഞു.
അടുത്തിടെ, ഖാലിദ് തന്റെ താവളം പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ബാദിന്‍ ജില്ലയിലെ മാറ്റ്ലിയിലേക്ക് മാറ്റിയിരുന്നു. അവിടെ, പാകിസ്താനി ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്യിബയ്ക്കും അതിന്റെ മുന്നണി സംഘടനയായ ജമാഅത്ത്-ഉദ്-ദവയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചു, പ്രധാനമായും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായുള്ള റിക്രൂട്ട്മെന്റിലും ഫണ്ട് ശേഖരണത്തിലുമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
കഴിഞ്ഞയാഴ്ച, ‘ഓപ്പറേഷന്‍സ് കമാന്‍ഡര്‍’ ഷാഹിദ് കുട്ടെ ഉള്‍പ്പെടെ മൂന്ന് ലഷ്‌കര്‍ ഭീകരരെ കൂടി തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഷോപ്പിയാനിലെ വന്ദുന മെല്‍ഹൂര സ്വദേശിയായ അദ്നാന്‍ ഷാഫി, അയല്‍ ജില്ലയായ പുല്‍വാമയിലെ മുറാന്‍ സ്വദേശിയായ അഹ്സന്‍ ഉള്‍ ഹഖ് ഷെയ്ഖ് എന്നിവരോടൊപ്പം കുട്ടെയും ഷുക്രൂ കെല്ലര്‍ മേഖലയില്‍ കൊല്ലപ്പെട്ടു. രണ്ട് എകെ സീരീസ് റൈഫിളുകള്‍, വലിയ അളവില്‍ വെടിക്കോപ്പുകള്‍, ഗ്രനേഡുകള്‍, മറ്റ് യുദ്ധസമാനമായ വസ്തുക്കള്‍ എന്നിവ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.