ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ പുരോഗമിക്കുന്നു. സെന്റ് പീറ്റേര്‍സ് ചത്വരത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1:30 ഓടെയാണ് സ്ഥാനാരോഹണ വിശുദ്ധ കുര്‍ബാനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കത്തോലിക്ക സഭയുടെ 267-ാം മാര്‍പാപ്പയാണ് ലെയോ പതിനാലാമന്‍.
വിശുദ്ധ പത്രോസിന്റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചതിനുശേഷമാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചത്. വിശുദ്ധ കുര്‍ബാനമധ്യേ, ആദ്യ മാര്‍പാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ തൊഴിലിനെ ഓര്‍മപ്പെടുത്തി മുക്കുവന്റെ മോതിരവും, ഇടയധര്‍മം ഓര്‍മപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിച്ചതോടെ സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ് പൂര്‍ത്തിയായി. ലത്തീന്‍-ഗ്രീക്ക് ഭാഷകളിലുള്ള സുവിശേഷപാരായണത്തിനുശേഷമാണ് മാര്‍പാപ്പ പാലിയവും മോതിരവും സ്വീകരിച്ചത്.
പാലിയവും മോതിരവും സ്വീകരിച്ചതിനുശേഷം മാര്‍പാപ്പ സുവിശേഷവും വഹിച്ച് ദൈവജനത്തെ ആശീര്‍വദിച്ചു. തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 12 പേര് ദൈവജനത്തെ മുഴുവന്‍ പ്രതിനിധാനം ചെയ്തുകൊണ്ട് മാര്‍പാപ്പയോടുള്ള വിധേയത്വം പ്രതീകാത്മകമായി പ്രഖ്യാപിച്ചു. അതിനുശേഷം മാര്‍പാപ്പ സുവിശേഷ സന്ദേശം നല്‍കുകയും വിശുദ്ധ കുര്‍ബാന തുടരുകയും ചെയ്തു.
ദൈവ സ്നേഹത്തിന്റെ വഴിയില്‍ നിങ്ങള്ക്കെപ്പം നടക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സ്നേഹവും ഐക്യവുമാണ് പ്രധാനമെന്നും പോപ്പ് വിശ്വാസികളോട് പറഞ്ഞു. സമാധാനം പുലരുന്ന പുതിയ ലോകത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.
ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നിരവധി ലോകനേതാക്കളാണ് വത്തിക്കാനിലെത്തിയത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ഇസ്രേലി പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, യുക്രെയ്ന് പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്കി, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി തുടങ്ങിയവരാണ് പങ്കെടുക്കുന്ന പ്രമുഖ നേതാക്കള്‍.