പാക് ചാരവൃത്തി: യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയുടെ പാക് ബന്ധത്തിന് തെളിവുകള്‍

Jaihind News Bureau
Sunday, May 18, 2025

ചണ്ഡീഗഡ്: പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറിയെന്നാരോപിച്ച് ഹരിയാന ആസ്ഥാനമായുള്ള യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയെ അറസ്റ്റ് ചെയ്തതായി പോലീസ് മെയ് 17 ശനിയാഴ്ച അറിയിച്ചു. ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയും ‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനല്‍ നടത്തുന്നയാളുമായ ജ്യോതി മല്‍ഹോത്രയെ ഹിസാറിലെ ന്യൂ അഗര്‍സെയ്ന്‍ എക്സ്റ്റന്‍ഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

3.77 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുള്ള യൂട്യൂബ് ചാനലാണ് ജ്യോതിയുടേത്. ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ ജോലി ചെയ്തിരുന്ന ഒരു പാക് ഉദ്യോഗസ്ഥനുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് ആരോപണം. ചാരവൃത്തി നടത്തിയെന്നാരോപിച്ച് മെയ് 13 ന് ഈ പാക് ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. നേരത്തെ, ഹൈക്കമ്മീഷനിലെ പാക് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട ചാരവൃത്തി പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പഞ്ചാബ് പോലീസ് മലേര്‍കോട്ലയില്‍ നിന്ന് ഒരു സ്ത്രീയുള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.

2023-ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിനുള്ള വിസയ്ക്കായി ഹൈക്കമ്മീഷനിലെത്തിയപ്പോഴാണ് ജ്യോതി, ഡാനിഷ് എന്നു വിളിക്കപ്പെടുന്ന ഇഹ്‌സാന്‍-ഉര്‍-റഹീമുമായി ബന്ധം സ്ഥാപിച്ചതെന്ന് മെയ് 16 ന് സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു. രണ്ട് തവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ച ജ്യോതിയെ, അവിടെ താമസമൊരുക്കിയതും പാക് സുരക്ഷാ-രഹസ്യാന്വേഷണ ഉദ്യോഗസ്ഥരായ ഷാക്കിര്‍, റാണാ ഷഹബാസ് എന്നിവരുമായി കൂടിക്കാഴ്ച ഏര്‍പ്പാടാക്കിയതും ഡാനിഷിന്റെ പരിചയക്കാരനായ അലി അഹ്വാനാണെന്നും എഫ്ഐആറില്‍ പറയുന്നു. സംശയം ഒഴിവാക്കാന്‍ ‘ജട്ട് രണ്‍ധാവ’ എന്ന പേരിലാണ് ഷഹബാസിന്റെ മൊബൈല്‍ നമ്പര്‍ ജ്യോതി സേവ് ചെയ്തിരുന്നത്.

വാട്‌സ്ആപ്പ്, ടെലിഗ്രാം, സ്‌നാപ്ചാറ്റ് എന്നിവ വഴി ഈ വ്യക്തികളുമായി ജ്യോതി ബന്ധം പുലര്‍ത്തുകയും തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറുകയും ചെയ്തുവെന്ന് എഫ്ഐആര്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനില്‍ വെച്ച് ഡാനിഷുമായി ഇവര്‍ നിരവധി തവണ കൂടിക്കാഴ്ച നടത്തുകയും പാക് രഹസ്യാന്വേഷണ പ്രവര്‍ത്തകരുമായി ബന്ധം പുലര്‍ത്തുകയും ചെയ്തിട്ടുണ്ട്.

ജ്യോതിയുടെ അറസ്റ്റിന് ഒരു ദിവസം മുന്‍പ്, കൈതാലില്‍ നിന്ന് പാക് രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 25 കാരനായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി ദേവേന്ദര്‍ സിംഗിനെ അറസ്റ്റ് ചെയ്തിരുന്നു. ആയുധങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ അപ്ലോഡ് ചെയ്തതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, പാകിസ്ഥാനിലെ ചില വ്യക്തികള്‍ക്ക് തന്ത്രപ്രധാനമായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് പാനിപ്പത്ത് ജില്ലയില്‍ നിന്ന് 24 കാരനായ നൗമാന്‍ ഇലാഹിയെയും അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.