ഹൈദരാബാദില്‍ വന്‍ തീപിടിത്തം. ദുരന്തത്തില്‍ 17 പേര് മരിച്ചു. ചാര്‍മിനാറിലെ ഗുല്‍സാര്‍ ഹൗസിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ജനസാന്ദ്രതയേറിയ തെരുവിലാണ് തീപിടിച്ചത്. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അപകട സ്ഥലം സന്ദര്‍ശിച്ചു.
ഇന്ന് രാവിലെ 06:16 നാണ് ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം തീപിടിത്തമുണ്ടായത്. ചാര്‍മിനാറിന് സമീപം ഏറ്റവുമധികം ജനസാന്ദ്രതയുള്ള പ്രദേശമായ ഗുല്‍സാര്‍ ഹൗസിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. മുഖ്യമന്ത്രി രേവന്ത് റെഡിക്കൊപ്പം ജില്ലാ പ്രതിനിധിയും മന്ത്രിയുമായ പൊന്നം പ്രസാദ് എന്നിവര്‍ സ്ഥലത്തെത്തി. അപകടത്തിനിടെ പുക ശ്വസിച്ച് ചിലര്‍ ബോധരഹിതരായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചുവെന്നും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. അശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ചിലര്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അഡ്വാൻസ്ഡ് ഫയർ റോബോട്ട്, ബ്രോണ്ടോ സ്കൈലിഫ്റ്റ് ഹൈഡ്രോളിക് പ്ലാറ്റ്ഫോം എന്നിവയും രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്നു.