ഇസ്ലാമാബാദ്: കോപ്പി ക്യാറ്റ് പാക്കിസ്ഥാന്‍!! ‘ഓപ്പറേഷന്‍ സിന്ദൂറി’നെ തുടര്‍ന്ന് ഇന്ത്യ ആഗോളതലത്തില്‍ നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് പാകിസ്ഥാനും അന്താരാഷ്ട്ര സമാധാന ദൗത്യത്തിന് രൂപം നല്‍കുന്നു. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാനും മുന്‍ വിദേശകാര്യ മന്ത്രിയുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയാണ് പാക് സംഘത്തെ നയിക്കുക.
ശനിയാഴ്ചയാണ് ‘ഓപ്പറേഷന്‍ സിന്ദൂറി’നെക്കുറിച്ചും നിലവിലെ സംഘര്‍ഷാവസ്ഥയില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ചും ലോകരാജ്യങ്ങളെ അറിയിക്കാനായി ഇന്ത്യ ഏഴംഗ ഉന്നതതല സര്‍വ്വകക്ഷി സംഘത്തെ നിയോഗിച്ചത്. കോണ്‍ഗ്രസ് എംപി ശശി തരൂര്‍, എന്‍സിപി എംപി സുപ്രിയ സുലെ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്നതാണ് ഈ സംഘം. തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം അമേരിക്ക, പനാമ, ഗയാന, ബ്രസീല്‍, കൊളംബിയ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍, സുപ്രിയ സുലെയുടെ സംഘം ഈജിപ്ത്, ഖത്തര്‍, എത്യോപ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും എത്തും.
കനിമൊഴി, സഞ്ജയ് ഝാ, രവിശങ്കര്‍ പ്രസാദ്, ബൈജയന്ത് ‘ജയ്’ പാണ്ഡ, ശ്രീകാന്ത് ഷിന്‍ഡെ തുടങ്ങിയ പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങളും ഈ സംഘങ്ങളിലുണ്ട്. ഇന്ത്യയുടെ നിലപാട് പ്രധാന അന്താരാഷ്ട്ര പങ്കാളികളെ അറിയിക്കുകയാണ് ലക്ഷ്യമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രാലയം വ്യക്തമാക്കി.
പാകിസ്ഥാന്റെ ഭാഗം വിശദീകരിക്കാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ബിലാവല്‍ ഭൂട്ടോ സര്‍ദാരിയെ ചുമതലപ്പെടുത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര തലത്തില്‍ സമാധാനത്തിനായുള്ള പാകിസ്ഥാന്റെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ പ്രധാനമന്ത്രി തന്നോട് അഭ്യര്‍ത്ഥിച്ചതായും ഈ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായും ബിലാവല്‍ ‘എക്‌സ്’ പ്ലാറ്റ്ഫോമിലൂടെ സ്ഥിരീകരിച്ചു.
‘ദി ന്യൂസ് ഇന്റര്‍നാഷണല്‍’ റിപ്പോര്‍ട്ട് അനുസരിച്ച്, ബിലാവലിന്റെ നേതൃത്വത്തില്‍ പാകിസ്ഥാന്‍ ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. മുന്‍ മന്ത്രിമാരായ ഖുറം ദസ്തഗിര്‍ ഖാന്‍, ഹിന റബ്ബാനി ഖര്‍, മുന്‍ വിദേശകാര്യ സെക്രട്ടറി ജലീല്‍ അബ്ബാസ് ജിലാനി എന്നിവരും ഈ സമിതിയില്‍ ഉള്‍പ്പെടുന്നു. പ്രാദേശിക സമാധാനത്തിനായി വാദിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ നീക്കങ്ങളെ പ്രതിരോധിക്കാനും സ്വന്തം നിലപാട് ശക്തമാക്കാനുമുള്ള ശ്രമമായാണ് ഇസ്ലാമാബാദിന്റെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്.