തപാല്‍വോട്ട് തിരുത്തിയെന്ന പ്രസംഗത്തിന് കേസെടുത്തതിനെ വിമര്‍ശിച്ച് മുന്‍ മന്ത്രി ജി. സുധാകരന്‍. കേസെടുത്തതിലൂടെ പൊലീസ് പുലിവാല്‍ പിടിച്ചെന്നും ഗൂഡാലോചനയില്ലെങ്കിലും നല്ല ആലോചനയുണ്ടായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം, അമ്പലപ്പുഴയിലെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം യുദ്ധക്കളത്തിന് സമാനമാക്കിയെന്ന ജി.സുധാകരന്റെ പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി എച്ച്.സലാം എം.എല്‍.എ രംഗത്തുവന്നിരുന്നു. അതേസമയം വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച അന്വേഷണത്തില്‍ തിരഞ്ഞെടുപ്പ് രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ട് പൊലിസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കും. ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് ഉറപ്പിക്കാനാണിത്. രേഖകള്‍ കിട്ടിയ ശേഷമാകും സുധാകരന്റെയും അദ്ദേഹം പ്രസംഗിക്കുമ്പോള്‍ കൂടെയുണ്ടായിരുന്നവരുടെയും മൊഴി രേഖപ്പെടുത്തുക.
അതേസമയം, ഫിഷറീസ് മന്ത്രി സജി ചെറിയാനെ പരോക്ഷമായി വിമര്‍ശിച്ച് ജി.സുധാകരന്‍ രംഗത്ത് വന്നു. രാജ്യത്തിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച ആള്‍ക്കെതിരെ എന്ത് നിയമനടപടിയെടുത്തു. ഒരു മാസം എടുത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തന്റെ സംഭവത്തില്‍ 3 ദിവസത്തിനുള്ളില്‍ ജാമ്യമില്ല വകുപ്പ് ചുമത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.