സര്‍ക്കാരിന്‍റെ അസാധാരണ നടപടി; എം.ആര്‍.അജിത് കുമാര്‍ ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപിയായി തുടരും

Jaihind News Bureau
Sunday, May 18, 2025

ഐപിഎസ് തലപ്പത്തെ അഴിച്ചുപണിയില്‍ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. എം.ആര്‍.അജിത് കുമാര്‍് ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപിയായി തുടരും. എക്‌സൈസ് കമ്മിഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്.

സര്‍ക്കാരിന്റെ അസാധാരണ നടപടിയില്‍ അജിത് കുമാറിന് പിന്നാലെ ബല്‍റാം കുമാര്‍ ഉപാധ്യായ ജയില്‍ മേധാവിയായി തുടരും. ക്രൈം ബ്രാഞ്ച് എഡിജിപിയായി നിയമിതനായ മഹിപാല്‍ യാദവിനെ തിരികെ എക്‌സൈസ് കമ്മിഷണറായി നിയമിച്ചു. എഡിജിപി എച്ച്.വെങ്കിടേഷിന് ക്രൈം ബ്രാഞ്ചിന്റെ ചുമതല വീണ്ടും നല്‍കി. എസ് ശ്രീജിത്തിനാണ് സൈബര്‍ ഓപ്പറേഷന്റ ചുമതല. ഐജി സ്പര്‍ജന്‍ കുമാര്‍ കേരള പൊലീസ് അക്കാദമി ഡയറക്ടറായി തുടരും. കോസ്റ്റല്‍ സെക്യൂരിറ്റിയുടെ ചുമതല ഐജി അക്ബറിനും സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ ചുമതല ഐ.ജി പി.പ്രകാശിനും നല്‍കി.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഉദ്യോഗസ്ഥരോട് ആലോചിക്കാതെയായിരുന്നു ആദ്യ അഴിച്ചു പണി നടത്തിയത്. ഇതാണ് അതൃപ്തിക്കും തിരുത്തിനും കാരണമായത്. കഴിഞ്ഞയാഴ്ച ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ജൂണ്‍ അവസാനത്തോടെ നിലവിലെ ഡിജിപി വിരമിക്കുമ്പോള്‍ സ്വാഭാവികമായും പോലീസ് തലപ്പത്ത് മാറ്റങ്ങളുണ്ടാകും. ആ സാഹചര്യത്തില്‍ ഇപ്പോഴത്തെ അഴിച്ചുപണിയില്‍ കഴമ്പില്ല എന്നായിരുന്നു വിമര്‍ശനം.