ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ തുടരും; DGMO ചര്‍ച്ച ഇന്നില്ല

Jaihind News Bureau
Sunday, May 18, 2025

അതിര്‍ത്തി കടന്നുള്ള എല്ലാ സൈനിക നടപടികളും താല്‍ക്കാലികമായി നിര്‍ത്തിവച്ച വെടിനിര്‍ത്തല്‍ കരാര്‍ മെയ് 18 വരെ തുടരാന്‍ ഇന്ത്യയും പാകിസ്താനും ധാരണയായി. പാകിസ്താന്‍ ഡിജിഎംഒ മേജര്‍ ജനറല്‍ കാഷിഫ് അബ്ദുല്ലയും ഇന്ത്യന്‍ ഡിജിഎംഒ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായിയും ഹോട്ട്‌ലൈന്‍ വഴി നടത്തിയ ചര്‍ച്ചയിലാണ് ധാരണ.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി, മെയ് ഏഴിന് അര്‍ദ്ധരാത്രി പാകിസ്താനിലെയും പാകിസ്താന്‍ അധിനിവേശ കശ്മീരിലെയും ഭീകരവാദ ക്യാമ്പുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തിരുന്നു. പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചു. അതിര്‍ത്തി ഗ്രാമങ്ങളിലും ഇന്ത്യന്‍ സൈനിക താവളങ്ങള്‍ക്കും നേരെ പാകിസ്താന്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം അഴിച്ചുവിട്ടതോടെ ഇന്ത്യ പ്രതിരോധം തീര്‍ക്കുകയും തിരിച്ചടിക്കുകയും ചെയ്തു.

മൂന്ന് ദിവസത്തെ കടുത്ത സൈനിക ഏറ്റുമുട്ടലിന് ശേഷം, പാകിസ്താന്‍ അനുനയ നീക്കങ്ങള്‍ക്ക് ശ്രമിക്കുകയും ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ മെയ് 10ന് വെടിനിര്‍ത്തലിന് ധാരണയാവുകയായിരുന്നു. ഈ തീരുമാനം മെയ് 18 വരെ തുടരാനാണ് തുടര്‍ചര്‍ച്ചകളില്‍ തീരുമാനമായിരിക്കുന്നത്.മെയ് 10ന് ഇരു രാജ്യങ്ങളിലെ ഡിജിഎംഒമാര്‍ തമ്മിലുണ്ടായ വെടിനിര്‍ത്തല്‍ ധാരണ തുടര്‍ന്നുകൊണ്ട് പ്രകോപനങ്ങളിലേക്ക് നയിക്കുന്ന നീക്കങ്ങളില്‍ നിന്ന് പിന്തിരിഞ്ഞ് പരസ്പര വിശ്വാസം വളര്‍ത്തുന്ന നടപടികള്‍ തുടരാന്‍ തീരുമാനിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.