യുവ അഭിഭാഷകയെ മര്‍ദിച്ച സംഭവം: ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷ വിധി 19 ലേക്ക് മാറ്റി

Jaihind News Bureau
Saturday, May 17, 2025

തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷ വിധിയില്‍ പറയുവാനായി 19 ലേക്ക് മാറ്റി. കഴിഞ്ഞദിവസം ജാമ്യ ഹര്‍ജി പരിഗണിച്ച മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് 12-ാം കോടതിയാണ് ഇന്ന് ജാമ്യ ഹര്‍ജി പരിഗണിച്ചത്. ബെയ്‌ലിന്‍ ദാസിന്റെ ജാമ്യഹര്‍ജിയെ ഇന്നും പ്രോസിക്യൂഷന്‍ എതിര്‍ത്തു. സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളതാണെന്നു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ഒരു വക്കീല്‍ ഓഫീസിന് ഉള്ളില്‍ നടന്ന രണ്ട് ജൂനിയര്‍ അഭിഭാഷകരുടെ തര്‍ക്കം, അതാണ് ഇത്തരം സംഭവത്തില്‍ കലാശിച്ചതെന്ന് പ്രതിഭാഗവും വാദിച്ചു. ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം കേസ് വിധി പറയുവാനായി തിങ്കളാഴ്ചത്തേക്ക് കോടതി മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സീനിയര്‍ അഭിഭാഷകനായ ബെയ്‌ലിന്‍ ദാസ് ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ ക്രൂരമായി മര്‍ദിച്ചത്. ഒരു കാരണവുമില്ലാതെ പിരിച്ചുവിടുകയും പിറ്റേ ദിവസം തിരിച്ചെടുക്കുകയും ചെയ്ത ബെയ്‌ലിന്റെ പ്രവര്‍ത്തി ചോദ്യം ചെയ്തതിനാണ് ആക്രമിച്ചത്. ചോദ്യത്തില്‍ പ്രകോപിതനായ ബെയ്‌ലിന്‍ മുഖത്ത് ക്രൂരമായി അടിക്കുകയായിരുന്നു. അതിന്റെ പാടുകള്‍ ശ്യാമിലിയുടെ മുഖത്ത്് തെളിഞ്ഞ് കാണാമായിരുന്നു.