240 കോടി രൂപയുടെ പിഎംകുസും പദ്ധതിയില്‍ വന്‍ക്രമക്കേടും അഴിമതിയും, രേഖകള്‍ പുറത്തുവിട്ട് സുമേഷ് അച്യുതന്‍

Jaihind News Bureau
Saturday, May 17, 2025

പാലക്കാട്: കേന്ദ്രവും സംസ്ഥാനവും തുല്യ വിഹിതമെടുത്ത് നടപ്പാക്കുന്ന പിഎം കുസും പദ്ധതിയിയിലെ ക്രമക്കേടിന്റെയും അഴിമതിയുടെയും രേഖകള്‍ ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്‍ പുറത്തുവിട്ടു. പ്രധാനമന്ത്രി കിസാന്‍ ഊര്‍ജ സുരക്ഷ ഏവം ഉത്തന്‍ മഹാ അഭിയാന്‍ ( പിഎം കുസും) പ്രകാരം സംസ്ഥാനത്തെ കാര്‍ഷിക വൈദ്യുതി പമ്പുകള്‍ സൗരോര്‍ജത്തിലേക്കു മാറ്റുന്നതിനായി അനര്‍ട്ട് നടത്തിയ നിര്‍വഹണത്തിലാണ് അടിമുടി അഴിമതി നിറഞ്ഞിരിക്കുന്നത്. പിഎം കുസും പദ്ധതി നടപ്പാക്കുന്നതിലൂടെ സൗജന്യ കാര്‍ഷിക വൈദ്യുതി കണക്ഷന്‍ ഇല്ലാതാക്കാനുള്ള ഗൂഢശ്രമമാണ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നടപ്പാക്കുന്നത്. പി എം. കുസും പദ്ധതി പ്രകാരം 30 ശതമാനം വീതം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും 40 ശതമാനം തുക ഗുണഭോക്താവും വഹിക്കണമെന്നാണ്. എന്നാല്‍ കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ഗുണഭോക്തൃ വിഹിതവും നബാഡിന്റെ പശ്ചാത്തല വികസന ഫണ്ടില്‍ നിന്നും 5.25 ശതമാനം പലിശ നിരക്കില്‍ ഏഴു വര്‍ഷ കാലാവധിയില്‍ പലിശയ്ക്ക് എടുത്തിരിക്കുകയാണ്. 45,000 കര്‍ഷിക പമ്പു സെറ്റുകള്‍ സൗരോര്‍ജ വൈദ്യുതിയിലേക്ക് മാറ്റാന്‍ അനുമതി നല്‍കിയതില്‍ 9348 എണ്ണത്തിനുള്ള 240 കോടി രൂപയുടെ ടെന്‍ഡറിലാണ് അടിമുടി അഴിമതി. 25 കോടി രൂപയ്ക്കു മുകളിലുള്ള തുകയാണെങ്കില്‍ മന്ത്രിസഭയുടെ അനുമതിയോടെയാണ് ടെന്‍ഡര്‍ ക്ഷണിക്കേണ്ടത് എന്നിരിക്കെ അതു കാറ്റില്‍ പറത്തി അനര്‍ട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരി ടെന്‍ഡര്‍ ക്ഷണിച്ചു. കൂടാതെ ടെക്‌നിക്കല്‍ ബിഡും ഫിനാന്‍സ് ബിഡും ഓപ്പണ്‍ ചെയ്ത ശേഷം ടെന്‍ഡര്‍ റദ്ദാക്കിയത് ദുരൂഹമാണ്. അതോടൊപ്പം കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിയ്ക്ക് കരാര്‍ നല്‍കാതെ ഇഷ്ടപ്പെട്ട കമ്പനിയ്ക്ക് കരാര്‍ നല്‍കി.ഏഴു കിലോ വാട്ട് പ്ലാന്റ് 5,32,925 രൂപയ്ക്കു സ്ഥാപിക്കാമെന്ന് ഏറ്റ കമ്പനിയ്ക്ക് 5,93,004 രൂപ നല്‍കി ഒരു പ്ലാന്റിന്‍ മേല്‍ 60,079 രൂപയുടെ പകല്‍ കൊള്ള നടത്തി. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ബെഞ്ച് മാര്‍ക്ക് വില നിശ്ചയിച്ചിട്ടുണ്ടെന്നിരിക്കെ 54 ശതമാനം മുതല്‍ 146 ശതമാനം വരെ കൂടുതല്‍ തുക പ്ലാന്റുകള്‍ സ്ഥാപിച്ചതിനു നല്‍കി. സാധാരണ നിലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുക കുറയ്ക്കുന്നതിന് കമ്പനികളുമായി വിലപേശുമെന്നിരിക്കെ അതു ചെയ്തില്ലെന്നു മാത്രമല്ല ഇവിടെ കമ്പനി സമ്മതിച്ചതിലും കൂടുതല്‍ തുക നല്‍കിയത് വന്‍ അഴിമതിയാണ്. പമ്പിന്റെ ശേഷിക്കു അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ച വകയിലും പകല്‍ക്കൊള്ള നടത്തി. അഞ്ച് എച്ച്പി മുതല്‍ ഏഴ് എച്ച്പി വരെയുള്ള പമ്പുകള്‍ക്ക് ഏഴ് കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ലാന്റാണ് സ്ഥാപിക്കേണ്ടത്. എന്നാല്‍ 7 എച്ച്പി ശേഷിയുള്ള പമ്പിന് 10 കിലോവാട്ട് പ്ലാന്റ് സ്ഥാപിച്ചു തുക അടിച്ചുമാറ്റി. കൂടുതല്‍ തുകയുടെ അഴിമതി നടത്തുന്നതിനു വേണ്ടി അനര്‍ട്ട് ചെയ്ത ഈ സൂത്രപ്പണിയ്ക്ക് കര്‍ഷകര്‍ ബലിയാടാകുന്ന സ്ഥിതിയുണ്ട്.

അഴിമതി അന്വേഷണം വിവരങ്ങള്‍ മറച്ചു വെച്ചതായി കാണിച്ച് കര്‍ഷകരുടെ മേല്‍ പഴിചാരാനാണ് അധികൃതരുടെ നീക്കം. കരാര്‍ കമ്പനിയ്ക്ക് പണം നല്‍കാന്‍ താല്‍ക്കാലിക ജീവനക്കാരായവരുടെ പരിശോധന റിപ്പോര്‍ട്ടാണ് മാനദണ്ഡമാക്കിയത്. അനര്‍ട്ടിന്റെ അഡീഷണല്‍ ചീഫ് ടെക്‌നിക്കല്‍ മാനേജര്‍, അതിനു മുകളിലുള്ള ചീഫ് ടെക്‌നിക്കല്‍ മാനേജര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരുടെ അനുമതി തേടാതെ താല്‍ക്കാലിക നിയമനം നടത്തിയ എന്‍ജിനിയര്‍മാരാണ് തീരുമാനങ്ങളെടുത്തത്. ഇത്തരത്തില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയത് വൈദ്യുതി മന്ത്രിയും അനര്‍ട്ട് സിഇഒയും ചേര്‍ന്നുള്ള ഗൂഢാലോചന മൂലമാണ്. നബാഡ് വായ്പ്പ തിരിച്ചടവ് ഭാവിയില്‍ വന്‍ ബാധ്യതയുണ്ടാക്കും. കേന്ദ്രത്തിന്റെ സബ്‌സിഡി കൃത്യമായി ഉപയോഗിക്കാതെ 85 ശതമാനം തുക തിരികെ നല്‍കിയ കെടുകാര്യസ്ഥതയുടെ ഇടമാണ് അനര്‍ട്ട്. ഇതു സംബന്ധിച്ചുള്ള സമഗ്രാന്വേഷണത്തിനു തയ്യാറാകണമെന്നും അനര്‍ട്ടിലെ അഴിമതിക്കാരെ ശിക്ഷിക്കാന്‍ നിയമപരമായ പോരാട്ടം തുടരുമെന്നും സുമേഷ് അച്യുതന്‍ മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.