കാളികാവില്‍ കടുവാ സാന്നിധ്യം; ഗഫൂറിനെ കടിച്ചു കൊന്ന നരഭോജി കടുവയെന്ന് സ്ഥിരീകരണം

Jaihind News Bureau
Saturday, May 17, 2025

മലപ്പുറം കാളികാവില്‍ നരഭോജി കടുവയുടെ സാന്നിധ്യം. കാളികാവ് അടക്കാകുണ്ടിലെ റബര്‍ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടിച്ചു കൊന്ന നരഭോജി കടുവയുടെ സാന്നിധ്യമാണ് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ കണ്ടെത്തിയത്. അതേ കടുവ തന്നെയെന്നും സൈലന്റ് വാലിയില്‍ നിന്നുള്ള കടുവയാണെന്നും വനം വകുപ്പിന്റെ ഡാറ്റ ലിസ്റ്റിലുള്ളതാണെന്നും ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ അരുണ്‍ സക്കറിയ സ്ഥിരീകരിച്ചു. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ ആക്രമിച്ച സ്ഥലത്തിന് സമീപമാണ് കടുവാ സാന്നിധ്യം കണ്ടെത്തിയത്.

അതേസമയം, DFO യെ സ്ഥലം മാറ്റത്തില്‍ ഡോ അരുണ്‍ സക്കറിയ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. DFO യുടെ സ്ഥലം മാറ്റം കടുവ ദൗത്യത്തെ ബാധിക്കുമെന്നാണ് ഡോ അരുണ്‍ സക്കറിയ പറയുന്നത്. നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം കഴിഞ്ഞ ആറ് ദിവസമായി വനംവകുപ്പ് തുടരുകയാണ്. 50 അംഗ സംഘമാണ് കടുവയെ പിടികൂടാനുള്ള ദൗത്യത്തില്‍ ചേര്‍ന്നിരിക്കുന്നത്. അതില്‍ നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥനെയാണ് സ്ഥലം മാറ്റിയത് എന്നും അരുണ്‍ സക്കറിയ പറഞ്ഞു.