ഓപ്പറേഷന് സിന്ദൂറിന്റെ പേരില്‍ രാഷ്ട്രീയ നേട്ടംകൊയ്യാനുള്ള നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ്. പാകിസ്താനെതിരായ ഇന്ത്യയുടെ സൈനിക നടപടിയില്‍ ഐക്യദാര്‍ഢ്യത്തിന് ആഹ്വാനം ചെയ്തിട്ടും പ്രധാനമന്ത്രിയും ബിജെപിയും കോണ്‍ഗ്രസിനെ നിരന്തരമായി അപകീര്‍ത്തിപ്പെടുത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ജയ് റാം രമേശ് ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് കൂടിക്കാഴ്ച നടത്തുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ജയ്റാം രമേശിന്റെ വിമര്‍ശനം. ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഭീകരതയ്ക്കെതിരായ പ്രചാരണത്തിന് വിദേശത്തേക്ക് പ്രതിനിധി സംഘങ്ങളെ അയയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തെ കോണ്‍ഗ്രസ് പിന്തുണക്കുകയും ചെയ്തിരുന്നു.
‘പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി തയ്യാറായില്ല. ഇപ്പോള്‍ പെട്ടെന്ന് പാകിസ്താനില്‍ നിന്നുള്ള ഭീകരതയ്ക്കെതിരായ പ്രചാരണത്തിന് പ്രധാനമന്ത്രി പ്രതിനിധി സംഘത്തെ വിദേശത്തേക്കയക്കുമ്പോള്‍, കോണ്‍ഗ്രസ് എപ്പോഴും ദേശീയ താത്പര്യത്തില്‍ നിലപാട് സ്വീകരിച്ചുവരുന്നവരാണെന്ന് ഓര്‍ക്കണം. ബിജെപി ചെയ്യുന്നതുപോലെ ദേശീയ സുരക്ഷാ വിഷയങ്ങളെ ഒരിക്കലും കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.