വയനാടിന് ഇന്ത്യന്‍ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും വലിയ പ്രസക്തിയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കൂടുതല്‍ ഉത്തരവാദിത്ത ബോധത്തോടെയും ഐക്യത്തോടെയും രാഷ്രിയ ചുമതലയെ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി പ്രസിഡന്റായ ശേഷം ആദ്യമായി ജില്ലയിലെത്തിയ സണ്ണി ജോസഫ് എംഎല്‍എയ്ക്ക് ഊഷ്മള സ്വീകരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയത്. കാര്‍ഷിക ജില്ലയായ വയനാടിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെ ഓര്‍മ്മപ്പെടുത്തി ഏലം കൊണ്ടുള്ള ഹാരമണിയിച്ചാണ് ഡിസിസിയില്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
തുടര്‍ന്ന് നടന്ന സ്വീകരണ യോഗം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വരുന്ന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഉജ്ജ്വല വിജയത്തിനായി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും 90% തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അധികാരത്തിലെത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായി. എംഎല്‍എമാരായ ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍, എഐസി സി അംഗം പി കെ ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. നൂറുകണക്കിന് പേര്‍ സ്വീകരണ യോഗത്തില്‍പങ്കെടുത്തു.