ഗുജറാത്ത് സമാചാര്‍ ഉടമ ബാഹുബലിയുടെ ഇഡി അറസ്റ്റ് അദാനിക്ക് വേണ്ടിയുള്ള നീക്കമെന്ന് കെ സി വേണുഗോപാല്‍

Jaihind News Bureau
Friday, May 16, 2025

ഗുജറാത്തിലെ പ്രമുഖ ദിനപത്രമായ ‘ഗുജറാത്ത് സമാചാര്‍’ ഉടമ ബാഹുബലി ഷായെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ബാഹുബലി ഷായെ ഇ.ഡി. അറസ്റ്റ് ചെയ്തത് സ്വതന്ത്ര മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി ഭരണകൂടത്തിന്റെ വരുതിയിലാക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മോദി നയിക്കുന്ന ബിജെപി ഭരണകൂടത്തെ ഗുജറാത്ത് സമാചാര്‍ നിര്‍ഭയമായി വിമര്‍ശിക്കുന്നു. ഉടമയായ ബാഹുബലി ഷായുടെ ഇഡി അറസ്റ്റ്, സ്വതന്ത്ര മാധ്യമങ്ങളെ ഭരണകൂടത്തിന്റെ വരിയില്‍ വളയ്ക്കാനും വഴങ്ങാനും പ്രേരിപ്പിക്കുന്ന ബിജെപിയുടെ മാര്‍ഗമാണെന്ന് എഐസിസി സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കമ്പനികളെ അദാനിക്ക് വില്‍ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ബിജെപിയുടെ കുതന്ത്രമാണ് ഇതിലൂടെ വെളിപ്പെടുന്നത് . അത് മുംബൈ വിമാനത്താവളമായാലും എന്‍ഡിടിവിയായാലും ആ മാര്‍ഗ്ഗമാണ് സ്വീകരിച്ചത്. ആ രീതി ഇങ്ങനെയാണ്

1. നന്നായി നടക്കുന്ന കമ്പനികളെ അദാനി ലക്ഷ്യമിടുന്നു
2. അവിടെ ഇഡി/സിബിഐ റെയ്ഡുകള്‍ നടത്തുന്നു, ഉടമകളെ അറസ്റ്റ് ചെയ്യുന്നു
3. സമ്മര്‍ദ്ദത്തിലൂടെ, അദാനിക്ക് ഉടമസ്ഥാവകാശം കൈമാറുന്ന ഏകാധിപത്യ കരാറുകളില്‍ ഒപ്പുവയ്ക്കുന്നു.

ഈ സ്വേച്ഛാധിപത്യ സമ്മര്‍ദ്ദത്തിന് മുന്നില്‍ ഞങ്ങള്‍ ഗുജറാത്ത് സമാചാറിനും മിസ്റ്റര്‍ ബാഹുബലി ഷായ്ക്കും ഒപ്പം നില്‍ക്കുന്നു. ഇത് അന്വേഷണ ഏജന്‍സികളുടെ നഗ്‌നമായ ദുരുപയോഗവും ഭരണഘടനയുടെ ആത്മാവിന് പൂര്‍ണ്ണമായും വിരുദ്ധവുമാണെന്ന് കെ സി വേണുഗോപാല്‍ എക്‌സില്‍ കുറിച്ചു