ഗുജറാത്ത് സമാചാര്‍ ഉടമ ബാഹുബലി ഷാ ഇ.ഡി അറസ്റ്റില്‍; മോദിയെ വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്താനാണ് നീക്കമെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Friday, May 16, 2025

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രമുഖ ദിനപത്രമായ ‘ഗുജറാത്ത് സമാചാര്‍’ സഹ ഉടമ ബാഹുബലി ഷായെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി (മെയ് 16) വ്യാഴാഴ്ച രാത്രി വൈകിയാണ് നടപടി. ഷാ കുടുംബാംഗങ്ങളുടെയും മാധ്യമ സ്ഥാപനത്തിന്റെയും സ്വത്തുക്കളില്‍ ആദായനികുതി വകുപ്പ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പരിശോധന നടത്തിയിരുന്നു. ഈ സംഭവം ദേശീയ തലത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പുതിയ ആശങ്കകള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. ഇത് സംസ്ഥാനത്തെ മാധ്യമ സ്വാതന്ത്ര്യത്തെ കഴുത്തുഞെരിച്ച് കൊല്ലാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. മോദി സര്‍ക്കാര്‍ വിമര്‍ശനം അടിച്ചമര്‍ത്താനാണ് നീക്കമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മോദി സര്‍ക്കാരിനെയും ബി.ജെ.പി ഭരണകൂടത്തെയും നിര്‍ഭയം വിമര്‍ശിക്കുന്ന ഗുജറാത്ത് സമാചാര്‍ ഉടമയുടെ അറസ്റ്റ് അദാനിക്ക് വേണ്ടിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു.

റെയ്ഡുകള്‍ക്ക് പിന്നാലെ, പത്രവുമായും അതിന്റെ ഉടമകളുമായും ബന്ധപ്പെട്ട കൂടുതല്‍ സ്ഥലങ്ങളിലും ഇ.ഡി പരിശോധന നടത്തിയതായാണ് റിപ്പോര്‍ട്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്ത് സമാചാര്‍ രൂക്ഷമായ വിമര്‍ശനങ്ങളോടെ മുഖപ്രസംഗങ്ങള്‍ പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ പത്രത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിരുന്നു.

അറസ്റ്റിനെതിരെ പ്രതിപക്ഷ നേതാക്കള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ എം.പിയുമായ ശക്തിസിന്‍ഹ് ഗോഹില്‍ ആരോപിച്ചു. ‘കുടുംബം അവരുടെ മാതാവ് സ്മൃതിബെന്നിന്റെ മരണത്തില്‍ ദുഃഖിച്ചിരിക്കുമ്പോഴാണ് ഈ റെയ്ഡുകള്‍ ആരംഭിച്ചത്. ബാഹുബലിഭായ് ആരോഗ്യപ്രശ്‌നങ്ങളുള്ള ഒരു മുതിര്‍ന്ന പൗരനാണ്. ഇത് മോദി സര്‍ക്കാരിന്റെ പീഡനമല്ലാതെ മറ്റൊന്നുമല്ല. സര്‍ക്കാരിന് വഴങ്ങാത്ത സ്വതന്ത്ര മാധ്യമങ്ങളെ ലക്ഷ്യമിടുകയാണ്,’ ഗോഹില്‍ എക്‌സില്‍ കുറിച്ചു.

സ്വതന്ത്രമായ നിലപാടുകള്‍ക്ക് പേരുകേട്ട ഗുജറാത്ത് സമാചാര്‍, അടുത്തിടെയുണ്ടായ ഇന്ത്യ-പാകിസ്ഥാന്‍ നയതന്ത്ര സംഘര്‍ഷങ്ങളുടെ സമയത്ത് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബി.ജെ.പി) അപ്രീതിക്ക് പാത്രമായെന്നും അദ്ദേഹം ആരോപിച്ചു. ആം ആദ്മി പാര്‍ട്ടി (എ.എ.പി) ഗുജറാത്ത് അധ്യക്ഷന്‍ ഇസുദാന്‍ ഗാധ്വി ഈ നീക്കത്തെ ‘സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തനത്തെ കഴുത്തുഞെരിച്ച് കൊല്ലാനുള്ള ശ്രമം’ എന്ന് വിശേഷിപ്പിച്ചു. ഗുജറാത്ത് സമാചാറും അതിന്റെ ടെലിവിഷന്‍ ചാനലായ ജി.എസ്.ടി.വിയും 48 മണിക്കൂറിനുള്ളില്‍ ഐ.ടി വകുപ്പിന്റെയും ഇ.ഡിയുടെയും സംയുക്ത റെയ്ഡുകള്‍ക്ക് വിധേയമായെന്നും അദ്ദേഹം അവകാശപ്പെട്ടു.

ആം ആദ്മി പാര്‍ട്ടി (എ.എ.പി) ഗുജറാത്ത് അദ്ധ്യക്ഷന്‍ ഇസുദാന്‍ ഗാധ്വിയും ഈ നടപടിയെ ശക്തമായി അപലപിച്ചു. 48 മണിക്കൂറിനുള്ളില്‍ ഗുജറാത്ത് സമാചാറിലും ജി.എസ്.ടി.വിയിലും ആദായനികുതി വകുപ്പും ഇ.ഡിയും സംയുക്തമായി റെയ്ഡുകള്‍ നടത്തിയെന്നും, ഇത് സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തനത്തെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

ബാഹുബലി ഷായ്‌ക്കെതിരായ കുറ്റങ്ങള്‍ സംബന്ധിച്ച് ഇ.ഡി ഇതുവരെ വിശദമായ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. എന്നിരുന്നാലും, കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭിന്നാഭിപ്രായമുള്ള മാധ്യമങ്ങളെ ലക്ഷ്യമിടുന്നു എന്ന വിവാദപരമായ ചര്‍ച്ചകള്‍ക്ക് ഈ സംഭവം വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷീലാ ഭട്ടും അറസ്റ്റിന്റെ രീതിയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആശങ്ക പ്രകടിപ്പിച്ചു. കസ്റ്റഡിയിലെടുത്തതിന് ശേഷം ഷായുടെ ആരോഗ്യനില വഷളായെന്നും, തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് അഹമ്മദാബാദിലെ സൈഡസ് ആശുപത്രിയിലേക്ക് മാറ്റിയെന്നും അവര്‍ വെളിപ്പെടുത്തി. ഷായുടെ സഹോദരനും ബിസിനസ് പങ്കാളിയുമായ ശ്രേയാന്‍സ് ഷാ അദ്ദേഹത്തോടൊപ്പമുണ്ട്. ഷാ കുടുംബം ദീര്‍ഘകാലമായി മാധ്യമരംഗത്തും മറ്റ് വ്യവസായ സംരംഭങ്ങളിലും സജീവമാണെന്നും ഗുജറാത്തിലെ രാഷ്ട്രീയത്തില്‍ സ്വാധീനമുള്ളവരാണെന്നും ഷീലാ ഭട്ട് കുറിച്ചു.

ഇ.ഡിയുടെ നടപടികള്‍ ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെയാണ് ഈ അറസ്റ്റ്. ഈ മാസം ആദ്യം മറ്റൊരു കേസ് പരിഗണിക്കവെ, മതിയായ തെളിവുകളില്ലാതെയാണ് പലപ്പോഴും ഇ.ഡി ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും, ഏജന്‍സിയുടെ പ്രവര്‍ത്തനത്തില്‍ ഒരു പ്രത്യേക രീതി കാണുന്നുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.