പാക് സെനിക മേധാവി അസിം മുനീര്‍ പങ്കാളിയാളിയായ ക്രിപ്‌റ്റോ കൗണ്‍സിന് ട്രംപ് കുടുംബവുമായി നിഗൂഢ കരാര്‍; രേഖകള്‍ പുറത്ത്

Jaihind News Bureau
Friday, May 16, 2025

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനും ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനിക നീക്കത്തിനും ദിവസങ്ങള്‍ക്ക് മുന്‍പ് പാകിസ്ഥാനില്‍ ഒപ്പുവെച്ച ഒരു സാമ്പത്തിക കരാര്‍ വിവാദത്തിലേയ്ക്ക് . അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരു സ്വകാര്യ ക്രിപ്റ്റോകറന്‍സി സ്ഥാപനവും പാകിസ്ഥാനില്‍ പുതിയതായി രൂപീകരിച്ച ക്രിപ്റ്റോ കൗണ്‍സിലും തമ്മിലുള്ള ഈ ഇടപാടില്‍ പാക് സൈനിക മേധാവി അസിം മുനീറിന്റെ നേരിട്ടുള്ള പങ്കാളിത്തവും തെളിഞ്ഞതാണ് സംശയങ്ങള്‍ക്കിടയാക്കിയത്.

‘വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍’ എന്ന അമേരിക്കന്‍ ഫിന്‍ടെക് സ്ഥാപനമാണ് ഈ ഇടപാടിലെ പ്രധാന കക്ഷി. ക്രിപ്റ്റോകറന്‍സി, ബ്ലോക്ക്ചെയിന്‍ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ സ്ഥാപനത്തിന്റെ 60 ശതമാനം ഓഹരികളും ട്രംപിന്റെ മക്കളായ എറിക് ട്രംപ്, ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, മരുമകനും മുന്‍ ഉപദേഷ്ടാവുമായ ജാരെഡ് കുഷ്നര്‍ എന്നിവരുടെ ഉടമസ്ഥതയിലാണ്. ഏപ്രിലില്‍ ഈ സ്ഥാപനം പാകിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സിലുമായി ഒരു ധാരണാപത്രത്തില്‍ (Letter of Intent) ഒപ്പുവെച്ചിരുന്നു.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, രൂപീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാകിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സില്‍, ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സിന്റെ സ്ഥാപകന്‍ ചാങ്പെങ് ഷാവോയെ ഉപദേഷ്ടാവായി ഉള്‍പ്പെടുത്തിയിരുന്നു. ഇത് പുതുതായി രൂപീകരിച്ച സമിതിക്ക് കൂടുതല്‍ വിശ്വാസ്യത നല്‍കാനായിരുന്നു. കഴിഞ്ഞ മാസം നടന്ന ഉദ്ഘാടന ചടങ്ങില്‍, ഇസ്ലാമാബാദിനെ ‘ദക്ഷിണേഷ്യയുടെ ക്രിപ്റ്റോ തലസ്ഥാനം’ ആക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പാകിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സില്‍ പ്രഖ്യാപിച്ചിരുന്നു.

കരാര്‍ ഒപ്പിടുന്നതിനായി വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലിന്റെ സ്ഥാപകനും, ട്രംപിന്റെ ദീര്‍ഘകാല ബിസിനസ് പങ്കാളിയും നിലവിലെ യുഎസ് മിഡില്‍ ഈസ്റ്റ് പ്രത്യേക ദൂതനുമായ സ്റ്റീവ് വിറ്റ്‌കോഫിന്റെ മകനുമായ സാക്കറി വിറ്റ്‌കോഫിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം വാഷിംഗ്ടണില്‍ നിന്ന് ഇസ്ലാമാബാദിലെത്തിയിരുന്നു. പാക് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ നേരിട്ടെത്തിയാണ് ഈ സംഘത്തെ സ്വീകരിച്ചത്. തുടര്‍ന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും പങ്കെടുത്ത ഒരു അടച്ചിട്ട മുറിയിലെ ചര്‍ച്ചയും നടന്നു.

അസിം മുനീറിന്റെ ഈ നേരിട്ടുള്ള ഇടപെടല്‍, കരാറിന് പാകിസ്ഥാന്റെ ദേശീയ സുരക്ഷയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

കരാറിന്റെ ഉള്ളടക്കം
പാകിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സിലും വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലും പുറത്തിറക്കിയ സംയുക്ത പ്രസ്താവന പ്രകാരം, പാകിസ്ഥാനിലെ ധനകാര്യ സ്ഥാപനങ്ങളില്‍ ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ സംയോജിപ്പിക്കാന്‍ ഈ കരാര്‍ വഴിയൊരുക്കും. കൂടാതെ, ആസ്തികളുടെ ടോക്കണൈസേഷന്‍, വിവിധതരം സ്റ്റേബിള്‍കോയിനുകളുടെ വികസനം, വികേന്ദ്രീകൃത ധനകാര്യത്തിലെ (DeFi) പരീക്ഷണ പദ്ധതികള്‍ക്കുള്ള റെഗുലേറ്ററി സാന്‍ഡ്ബോക്സുകള്‍ എന്നിവയ്ക്കും ഇത് സൗകര്യമൊരുക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. പാകിസ്ഥാനില്‍ ‘ ഡിജിറ്റല്‍ പങ്കാളിത്തം’ വര്‍ദ്ധിപ്പിക്കുകയാണ് ഈ ഇടപാടിന്റെ ലക്ഷ്യമെന്നും അവര്‍ അവകാശപ്പെടുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം കരാറിന്മേലുള്ള സൂക്ഷ്മപരിശോധന വര്‍ധിച്ചതോടെ, കരാറിന് പിന്നില്‍ ‘രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന്’ വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍, ട്രംപ് കുടുംബമോ വൈറ്റ് ഹൗസോ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഇന്ത്യ ഇതിനെ അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ ഇടപെടലായാണ് കാണുന്നത്. ‘ഗുരുതരമായ രാഷ്ട്രീയ മാനങ്ങളുള്ള സുതാര്യമല്ലാത്ത സാമ്പത്തിക സഖ്യം’ എന്നാണ് ഇന്ത്യന്‍ നിരീക്ഷര്‍ വിശേഷിപ്പിക്കുന്നത്. ഈ ഇടപാട് മേഖലയിലെ സാമ്പത്തിക-രാഷ്ട്രീയ ബന്ധങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ചിരിക്കുകയാണ്.