മേയ് 7-ന് ഇന്ത്യ നടത്തിയ ‘ഓപ്പറേഷന് സിന്ദൂര്‍’ വ്യോമാക്രമണത്തില്‍ പാകിസ്ഥാനിലെ ഭീകരരുടെ പ്രധാന താവളങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. എന്നാല്‍, ഈ ആക്രമണം ഐക്യരാഷ്ട്രസഭയുടെ ഭീകരപട്ടികയിലുള്ള ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന് അപ്രതീക്ഷിതമായി കോടികളുടെ ലോട്ടറി ആയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓരോരുത്തരുടെയും കുടുംബത്തിന് പാകിസ്ഥാന് പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു കോടി പാകിസ്താനി രൂപ (ഏകദേശം 30 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം പ്രഖ്യാപിച്ചതാണ് ഇതിന് കാരണം.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ജെയ്ഷെ മുഹമ്മദിന്റെ ശക്തികേന്ദ്രമായ ബഹവല്‍പൂരിലെ ഭീകര ക്യാമ്പുകളില്‍ നടന്ന ഇന്ത്യന്‍ ആക്രമണത്തില്‍ മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരി, അവരുടെ ഭര്‍ത്താവ്, ഒരു അനന്തരവന്, ഭാര്യ, മരുമകള്‍, കുട്ടികള്‍ എന്നിവരുള്‍പ്പെടെ 14 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് ഓഫ് പാകിസ്ഥാന് (APP) റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുപ്രകാരം, മസൂദ് അസ്ഹര്‍ ഏക നിയമപരമായ അവകാശിയാണെങ്കില്‍, അയാള്‍ക്ക് 14 കോടി പാകിസ്താനി രൂപ നഷ്ടപരിഹാരമായി ലഭിക്കും.
ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകരസംഘടനകള്‍ ആസ്ഥാനമായും പരിശീലന കേന്ദ്രവുമായും ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളിലാണ് ഇന്ത്യന്‍ സായുധ സേന മിസൈല്‍ ആക്രമണം നടത്തിയത്. ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ഉസ്മാന്-ഒ-അലി കാമ്പസ് എന്നറിയപ്പെടുന്ന ജാമിയ മസ്ജിദ് സുബ്ഹാന് അള്ളായും ആക്രമണത്തില്‍ ഇന്ത്യ തകര്‍ത്തു.
അതീവ കൃത്യതയോടെയുള്ള ആക്രമണങ്ങള്‍ ഭീകരരെയും ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങളെയും മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കൊല്ലപ്പെട്ടവര്‍ക്കായി വിപുലമായ നഷ്ടപരിഹാര പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ വീടുകള്‍, പള്ളികള്‍ എന്നിവ പുനര്‍നിര്‍മ്മിക്കുന്നതും, ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്ന ലഷ്കറിന്റെയും ജെയ്ഷെയുടെയും ആസ്ഥാനങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്ലാമാബാദ് ‘മര്ക-ഇ-ഹഖ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രചാരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് അനുസരിച്ച്, കൊല്ലപ്പെട്ട ഓരോ സാധാരണക്കാരനും ഒരു കോടി രൂപയും, പരിക്കേറ്റവര്‍ക്ക് 10-20 ലക്ഷം രൂപയും നല്‍കും. കൊല്ലപ്പെട്ട സൈനികരുടെ റാങ്കിനനുസരിച്ച് 1-1.8 കോടി രൂപയും, വീട് നിര്‍മ്മാണത്തിനായി 1.9 – 4.2 കോടി രൂപയും നല്‍കും. കൂടാതെ, മരിച്ച സൈനികരുടെ കുടുംബത്തിന് വിരമിക്കല്‍ വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും, കുട്ടികള്‍ക്ക് ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം, ഒരു മകളുടെ വിവാഹത്തിന് 10 ലക്ഷം രൂപയുടെ സഹായം, പരിക്കേറ്റ സൈനികര്‍ക്ക് 20-50 ലക്ഷം രൂപ എന്നിങ്ങനെയാണ് നഷ്ടപരിഹാര പാക്കേജ്.
‘രക്തസാക്ഷികളുടെ കുട്ടികളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്, ഞങ്ങള്‍ ആ കടമ നിറവേറ്റും,’ പ്രധാനമന്ത്രി ഷെരീഫ് പറഞ്ഞതായി ‘ഡോണ്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു. ‘പാകിസ്ഥാന്റെ പ്രതിരോധത്തിനും അഭിമാനത്തിനും സംഭാവന നല്‍കിയവര്‍ക്ക്’ അവാര്‍ഡുകളും ദേശീയ അംഗീകാരവും പ്രഖ്യാപിച്ചു.
ഭീകരവാദത്തിന് പാകിസ്ഥാന് പിന്തുണ നല്കുന്ന വിഷയം ഇന്ത്യ നിരവധി തവണ അന്താരാഷ്ട്ര വേദികളില്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും പാകിസ്ഥാന് ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് പതിവ്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട ‘ഓപ്പറേഷന് സിന്ദൂര്‍’ ആയിരിക്കും തീവ്രവാദത്തിനെതിരേ ഇനി മുതല്‍ ഇന്ത്യയുടെ പുതിയ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.