ബിഹാറില്‍ സിനിമയും പ്രചാരണ വിഷയം; 250 പൗരന്മാര്‍ക്കൊപ്പം രാഹുല്‍ ഗാന്ധി ‘ഫൂലെ’ സിനിമ കാണും

Jaihind News Bureau
Thursday, May 15, 2025

അസാധാരണമായ ഒരു രാഷ്ട്രീയ നീക്കത്തിലൂടെ,’ഫൂലെ’ എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനത്തില്‍ രാഹുല്‍ ഗാന്ധി പട്നയിലെ ഒരു മാളില്‍ പങ്കെടുക്കും. തിരഞ്ഞെടുക്കപ്പെട്ട 250 ബുദ്ധിജീവികള്‍, അക്കാദമിക് വിദഗ്ധര്‍, സാമൂഹിക ചിന്തകര്‍ എന്നിവര്‍ക്കായി മാത്രമുള്ളതാണ് ഈ പരിപാടി. രാഷ്ട്രീയത്തിനല്ല, സാമൂഹിക സംവാദത്തിന് പ്രാധാന്യം നല്‍കുന്നതിനായി മുതിര്‍ന്ന പാര്‍ട്ടി ഭാരവാഹികളാരും പ്രദര്‍ശന സമയത്ത് അദ്ദേഹത്തെ അനുഗമിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക പരിഷ്‌കര്‍ത്താക്കളായ ജ്യോതിറാവു ഫൂലെയുടെയും സാവിത്രിഭായ് ഫൂലെയുടെയും ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണിത്.

‘ഫൂലെ’ കാണാനുള്ള തീരുമാനം പ്രതീകാത്മകവും തന്ത്രപരവുമാണ്. സാമൂഹിക നീതി, ജാതി സമത്വം, വിദ്യാഭ്യാസ പരിഷ്‌കരണം എന്നിവയില്‍ കേന്ദ്രീകരിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ആഖ്യാനവുമായി ഇത് ചേര്‍ന്നുപോകുന്നു. ജാതി വിവേചനത്തിനെതിരായ പോരാട്ടവും വിദ്യാഭ്യാസത്തിലെ സമത്വത്തിനു വേണ്ടിയുള്ള വാദവും സിനിമ ചിത്രീകരിക്കുന്നു – ബീഹാറിലെ കോണ്‍ഗ്രസ് പ്രചാരണത്തിന്റെ കേന്ദ്ര വിഷയങ്ങളാണിവ.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജേഷ് കുമാര്‍, രാഹുല്‍ ഗാന്ധിയുടെ ബീഹാര്‍ പ്രചാരണത്തിന്റെ പ്രധാന ആവശ്യങ്ങള്‍ വിവരിക്കുന്ന ഒരു വീഡിയോ സന്ദേശം പുറത്തിറക്കി. ജാതി സെന്‍സസ് വേഗത്തിലാക്കുക. സംവരണത്തിനുള്ള 50% പരിധി എടുത്തുകളയുക. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ കമ്പനികളിലും സംവരണം നടപ്പാക്കുക. ഈ സന്ദേശങ്ങള്‍ ബീഹാറിലെ പ്രധാന വോട്ടര്‍മാരായ യുവാക്കളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ ‘ശിക്ഷാ ന്യായ്’ പ്രചാരണം ആരംഭിച്ചു. യുവജനങ്ങളുടെ വിദ്യാഭ്യാസ നീതിക്കും മികച്ച തൊഴില്‍ സാധ്യതകള്‍ക്കുമായി കോണ്‍ഗ്രസ് ഒരു പ്രത്യേക വെബ്‌സൈറ്റും ഒരു മിസ്ഡ് കോള്‍ കാമ്പെയ്നും ആരംഭിച്ചു. ‘ഇനി വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് ബിരുദവും സ്ഥിരം ജോലിയും ലഭിക്കും! കഴിവിനനുസരിച്ച് അവകാശം ലഭിക്കും!’ എന്നൊരു സോഷ്യല്‍ മീഡിയ സന്ദേശം വൈറലാണ്.

രാഹുല്‍ ഗാന്ധിയുടെ ബീഹാര്‍ സന്ദര്‍ശനം കേവലം പ്രതീകാത്മകമല്ല, മറിച്ച് തന്ത്രപരമായ രാഷ്ട്രീയ നീക്കമാണ്. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങള്‍ എന്നിവരുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലും, ഫൂലെ സിനിമയുടെ പ്രതീകാത്മകതയും കോണ്‍ഗ്രസിന്റെ പ്രചാരണ വിഷയമാകും. എന്നാല്‍ ഒരു കാര്യം വ്യക്തമാണ്: ബീഹാര്‍ പോര്‍ക്കളം സജീവമാണ്, ഓരോ സന്ദര്‍ശനത്തിലൂടെയും, പ്രാദേശിക പാര്‍ട്ടികള്‍ ദീര്‍ഘകാലമായി ജാതി രാഷട്രീയം ആധിപത്യം പുലര്‍ത്തുന്ന ഒരു സംസ്ഥാനത്ത് ഒരു പുതിയ രാഷ്ട്രീയ പാത വെട്ടിത്തുറക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുകയാണ്.