2025ലെ നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പിന് ബീഹാര്‍ ഒരുങ്ങുമ്പോള്‍, കടുത്ത മത്സരത്തിന് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭരണകക്ഷിയായ എന്‍.ഡി.എ സഖ്യത്തെ (ജെ.ഡി.യു-ബി.ജെ.പി) വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസ്-ആര്.ജെ.ഡി സഖ്യം തയ്യാറെടുക്കുന്നു. രാഹുല്‍ ഗാന്ധിയുടെ തുടര്‍ച്ചയായ സന്ദര്‍ശനങ്ങളും വിദ്യാഭ്യാസം, തൊഴില്‍, സംവരണ നയങ്ങള്‍ എന്നിവയില്‍ ഊന്നിയുള്ള പ്രചരണമാണ് കോണ്‍ഗ്രസിന്റെ തന്ത്രം. പ്രധാനമായും യുവജനങ്ങളെ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രാഷ്ട്രീയ പ്രാധാന്യമുള്ള സന്ദര്‍ശനത്തിനായി ബിഹാറിലെത്തി. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇത് രാഹുല്‍ ഗാന്ധിയുടെ നാലാമത്തെ ബീഹാര്‍ സന്ദര്‍ശനമാണ്.
ബീഹാറിലെ രാഹുല്‍ ഗാന്ധിയുടെ ആദ്യ പൊതുപരിപാടി ദര്‍ഭംഗയിലായിരുന്നു. ‘ശിക്ഷാ ന്യായ് സംവാദ്’ (വിദ്യാഭ്യാസ നീതി സംവാദം) എന്ന പ്രചാരണത്തിന്റെ ഭാഗമായി അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. അംബേദ്കര്‍ വെല്‍ഫെയര്‍ ഹോസ്റ്റലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടിക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നഗര്‍ ഭവനിലേക്ക് മാറ്റുകയായിരുന്നു.ഹോസ്റ്റല്‍ ഒരു അക്കാദമിക് സ്ഥലമാണെന്നും രാഷ്ട്രീയ പരിപാടികള്‍ക്ക് അനുയോജ്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. രാഹുല്‍ ഗാന്ധി ദര്‍ഭംഗയില്‍ എത്തുന്നതിന് മുമ്പ്, വേദി മാറ്റാനുള്ള ഭരണപരമായ തീരുമാനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇതോടെ സംഘര്‍ഷം ഉടലെടുത്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ നിലത്തിരുന്ന് നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. പോലീസ് വിദ്യാര്‍ത്ഥികളോട് ഒഴിയാന്‍ ആവശ്യപ്പെടുന്നത് കാണാമായിരുന്നു. ഹോസ്റ്റലിലേയ്ക്ക് എത്തുകയായിരുന്ന രാഹുലിനെ പോലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന പദയാത്ര നടത്തിയാണ് അദ്ദേഹം വേദിയില്‍ എത്തിയത്.
വേദി മാറ്റ വിവാദം മനപ്പൂര്‍വ്വമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഭരണകക്ഷിയായ ജെഡിയു-ബിജെപി സഖ്യം രാഹുല്‍ ഗാന്ധിയുടെ പരിപാടി മനഃപൂര്‍വം തടസ്സപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ വേദി മാറ്റത്തെ ‘അടിച്ചമര്‍ത്തല്‍ നീക്കം’ എന്നാണ് എ.ഐ.സി.സി മീഡിയ കോര്‍ഡിനേറ്റര്‍ അഭയ് ദുബെ വിശേഷിപ്പിച്ചത്. ദളിത് യുവാക്കളുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട യുവജനങ്ങളുടേയും ശബ്ദം അടിച്ചമര്‍ത്താനുള്ള രാഷ്ട്രീയ പ്രേരിതമായ ശ്രമാണിതെന്നും അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.