ആശാവര്‍ക്കര്‍മാര്‍ ഉന്നയിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല സമിതിക്ക് രൂപം നല്‍കി. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍ അധ്യക്ഷയായ സമിതി, ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം, സേവന വ്യവസ്ഥകള്‍ തുടങ്ങിയ പ്രധാന വിഷയങ്ങള്‍ പരിശോധിക്കും.
ഏപ്രില്‍ 3-ന് ആരോഗ്യമന്ത്രി വിവിധ ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍, ആശാവര്‍ക്കര്‍മാരുടെ വിരമിക്കല്‍ ആനുകൂല്യം, സേവന കാലാവധി, ഓണറേറിയം എന്നിവ സംബന്ധിച്ച് സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയിരുന്നു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എസ്.എഫ് പോലുള്ള സംഘടനകള്‍ ഈ നിര്‍ദ്ദേശം അംഗീകരിച്ചപ്പോള്‍, നിലവില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ ഇത് തള്ളിക്കളഞ്ഞു. ഇതേത്തുടര്‍ന്നാണ് പുതിയ സമിതിയെ നിയമിച്ചത്.
അഞ്ചംഗ സമിതിയില്‍ ഹരിത വി കുമാറിന് പുറമെ, ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ആര്‍. സുഭാഷ് (കണ്‍വീനര്‍), ധനകാര്യ-തൊഴില്‍ വകുപ്പുകളില്‍ നിന്നുള്ള അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത ഓരോ ഉദ്യോഗസ്ഥര്‍, സോഷ്യല്‍ ഡെവലപ്മെന്റ് ആന്‍ഡ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അംഗം കെ.എം. ബീന എന്നിവരും ഉള്‍പ്പെടുന്നു. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ആശാവര്‍ക്കര്‍മാരുടെ തിരഞ്ഞെടുപ്പ്, യോഗ്യത, ഓണറേറിയം, സേവന കാലാവധി, അവധി തുടങ്ങിയ കാര്യങ്ങളാണ് സമിതി പ്രധാനമായും പഠിക്കുക. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
അതേസമയം, സര്‍ക്കാര്‍ നിയോഗിച്ച ഈ സമിതിയില്‍ പ്രതീക്ഷയില്ലെന്ന് സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ പ്രതികരിച്ചു. സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സര്‍ക്കാര്‍ തന്ത്രമാണിതെന്നും അവര്‍ ആരോപിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.