ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനിക ഉദ്യോഗസ്ഥ കേണല്‍ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മധ്യപ്രദേശ് മന്ത്രി വിജയ് ഷായ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കേസെടുത്തത്. വിഷയത്തില്‍ മന്ത്രിയെ സുപ്രീം കോടതി വ്യാഴാഴ്ച രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ‘ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തി, രാജ്യം ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഉത്തരവാദിത്തത്തോടെ സംസാരിക്കണം. താന്‍ എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടാകണം,’ സുപ്രീം കോടതി വിജയ് ഷായെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.
പാകിസ്ഥാനെതിരായ ‘ഓപ്പറേഷന്‍ സിന്ദൂറി’നെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥ കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തിനാണ് മന്ത്രിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മധ്യപ്രദേശ് ഹൈക്കോടതി മെയ് 14ന് ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരെ മന്ത്രി വിജയ് ഷാ നല്‍കിയ ഹര്‍ജി മെയ് 16ന് പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യാഴാഴ്ച സമ്മതിച്ചു.
നേരത്തെ, ഹൈക്കോടതി ഉത്തരവിനെതിരെ വിജയ് ഷാ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഗോത്രക്ഷേമ വകുപ്പ് മന്ത്രി ഷായ്‌ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി മോഹന്‍ യാദവ് എക്സിലൂടെ അറിയിച്ചു.
അതേസമയം, വിവാദ പരാമര്‍ശത്തില്‍ ഷാ വീണ്ടും ഖേദം പ്രകടിപ്പിച്ചു. ‘സഹോദരി സോഫിയയെയും’ സൈന്യത്തെയും താന്‍ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിനും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവിനും പിന്നാലെയായിരുന്നു മന്ത്രിയുടെ ഖേദപ്രകടനം. ഇതോടെ ഷായെ മന്ത്രിസഭയില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മാന്‍പൂര്‍ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി റൂറല്‍ പോലീസ് സൂപ്രണ്ട് ഹിതിക വാസല്‍ സ്ഥിരീകരിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 152 (ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയ്ക്ക് അപകടമുണ്ടാക്കുന്ന പ്രവൃത്തി), 196 (1) (ബി) (വിവിധ സമുദായങ്ങള്‍ക്കിടയിലുള്ള സൗഹൃദത്തിന് ഹാനികരമായതും പൊതുസമാധാന ലംഘനത്തിന് കാരണമായേക്കാവുന്നതുമായ പ്രവൃത്തി), 197 (1) (സി) (ഒരു സമുദായത്തിലെ അംഗത്തെക്കുറിച്ച് സംസാരിക്കുന്നത്, അത് വിവിധ സമുദായങ്ങള്‍ക്കിടയിലുള്ള സൗഹൃദത്തിന് ഹാനികരമാകുന്ന രീതിയില്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച ഇന്‍ഡോര്‍ ജില്ലയിലെ ഒരു ഗ്രാമീണ മേഖലയില്‍ നടന്ന പൊതുപരിപാടിക്കിടെ ഖുറേഷിയുടെ പേരെടുത്ത് പറയാതെയായിരുന്നു ഷായുടെ വിവാദ പരാമര്‍ശം. ഇന്ത്യന്‍ സായുധ സേന നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂറി’ന്റെ വിശദാംശങ്ങള്‍ കേണല്‍ ഖുറേഷി പതിവ് വാര്‍ത്താസമ്മേളനങ്ങളിലൂടെ പങ്കുവെച്ചിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗും ഈ വാര്‍ത്താസമ്മേളനങ്ങളില്‍ അവരോടൊപ്പം ഉണ്ടായിരുന്നു. പ്രസ്താവന വലിയ വിവാദമായതിനെ തുടര്‍ന്ന്, തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ 10 തവണ മാപ്പ് പറയാന്‍ തയ്യാറാണെന്ന് ഷാ നേരത്തെ പറഞ്ഞിരുന്നു.