ന്യൂദല്‍ഹി: മോദിയുടെ ഭരണം നാള്‍ക്കുനാള്‍ നീളുംതോറും രാജ്യത്ത് ദുരിതം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായത് ഒരു കോടി പത്ത് ലക്ഷം പേര്‍ക്ക്. അവരില്‍ ഭൂരിഭാഗവും ഗ്രാമത്തില്‍ നിന്നുള്ളവരും കൂലിപ്പണിക്കാരും. 2017-18 സാമ്പത്തിക വര്‍ഷത്തിലെ കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 14 വര്ഷത്തിനിടയ്ക്കുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പുതിയ നിക്ഷേപങ്ങള്‍ കൂപ്പുകുത്തി. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്നതായും വ്യവസായ വിവരദാതാക്കളായ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ (സി.എം.ഐ.എ) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2017 ഡിസംബറില്‍ രാജ്യത്ത് തൊഴിലുണ്ടായിരുന്നവരുടെ എണ്ണം 40.8 കോടിയായിരുന്നു. 2018 ഡിസംബറില്‍ ഇത് 39.7 കോടിയായി കുറഞ്ഞു. രാജ്യത്തിന്റെ തൊഴിലില്ലായ്മ നിരക്ക് 7.4 ശതമാനമായും ഉയര്‍ന്നു. 15 മാസത്തിനിടയ്ക്കുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സ്വകാര്യ മേഖലയിലെ പദ്ധതി പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ സെപ്റ്റംബറിനും ഡിസംബറിനും ഇടയ്ക്ക് 62 ശതമാനത്തോളം കുറഞ്ഞു. പൊതുമേഖലയില്‍ ഇത് 37 ശതമാനം കുറഞ്ഞു. 2004 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമങ്ങളില്‍ നിന്ന് 91 ലക്ഷം പേര്‍ക്കും നഗരങ്ങളില്‍ നിന്ന് 18 ലക്ഷം പേര്‍ക്കും ജോലി നഷ്ടമായി. ജനസംഖ്യയുടെ മൂന്നില്‍ രണ്ടും സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളില്‍ നിന്നാണ് ഇവരില്‍ 84 ശതമാനവും.
തൊഴില്‍ നഷ്ടപ്പെട്ടവരില്‍ കൂടുതലും നോട്ടുനിരോധനത്തിന്റെ ആഘാതമേറ്റ കൂലിപ്പണിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരാണ്. 88 ലക്ഷം സ്ത്രീകള്‍ക്കും (ഗ്രാമത്തില്‍ 65 ലക്ഷം) 22 ലക്ഷം പുരുഷന്മാര്ക്കും തൊഴില്‍ നഷ്ടമായി. മാസശമ്പളം വാങ്ങുന്ന 37 ലക്ഷം പേര്‍ക്ക് ജോലി നഷ്ടമായി.