CPM സ്ഥാനാര്‍ത്ഥിക്കായി തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തി; വിവാദ പ്രസംഗവുമായി ജി.സുധാകരന്‍

Jaihind News Bureau
Thursday, May 15, 2025

തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വിവാദ പ്രസംഗവുമായി മുന്‍മന്ത്രി ജി സുധാകരന്‍. CPM സ്ഥാനാര്‍ത്ഥിക്കായി തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് ജി സുധാകരന്‍ പരാമര്‍ശം നടത്തി. 36 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ച് കെ വി ദേവദാസിനായാണ് കൃത്രിമം നടത്തിയതെന്നും ഇനി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്താലും കുഴപ്പമില്ലെന്നും സുധാകരന്‍ പറഞ്ഞു. കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് ജി സുധാകരന്റെ വിവാദ പ്രസംഗം.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്കു വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്നാണ് മുന്‍ മന്ത്രി ജി സുധാകരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങില്‍ വച്ചാണ് താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് 36 വര്‍ഷം മുന്‍പ് നടത്തിയ തെരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റി ജി സുധാകരന്‍ വെളിപ്പെടുത്തല്‍ നടത്തിയത്്. ‘സിപിഎമ്മിന്റെ സര്‍വീസ് സംഘടനയായ കെഎസ്ടിഎയുടെ നേതാവായിരുന്ന കെ വി ദേവദാസ് ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു സുധാകരന്‍. ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ച് താന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തി. അന്നു സിപിഎം സര്‍വീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടില്‍ 15 ശതമാനം ദേവദാസിന് എതിരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1989 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ചായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം.