തലയിലുള്ള മാര്‍ക്സും വയറ്റിലുള്ള ജവാനും ചേര്‍ന്നപ്പോഴാണ് കണ്ണൂര്‍ മലപ്പട്ടത്തെ സി പി എം പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമ തകര്‍ത്തതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. സുധാകരന്റെ ശൗര്യം അളക്കാന്‍ ഇറങ്ങിയാല്‍ മലപ്പട്ടത്തെ സി പി എമ്മുകാര്‍ക്ക് ആവില്ല. മലപ്പട്ടത്തെ സി പി എമ്മുകാരുടെ കരച്ചില് പിണറായിയുടെ വീട്ടില്‍ കയറ്റുമെങ്കില്‍ അവിടെ പോയി കരയണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കണ്ണൂര്‍ മലപടത്ത് യൂത്ത് കോണ്‍ഗ്രസ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ മാങ്കുട്ടത്തില്‍.
അതേസമയം. കണ്ണൂര്‍ മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ നയിച്ച പദയാത്രയ്ക്ക് നേരെയുണ്ടായ സിപിഎം അക്രമം ആസൂത്രിതമെന്ന് സൂചന. അക്രമത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തു വന്നു. ജില്ല സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥും ശ്രീകണ്ഠാപുരം എരിയ സെക്രട്ടറി എം സി.രാഘവനും മലപ്പട്ടത്ത് എത്തിയത് അക്രമത്തിന് പ്രവര്‍ത്തകരെ സന്നദ്ധരാക്കാനെന്നും വിമര്‍ശനമുയരുന്നുണ്ട്.
സി പി എം നേതൃത്വത്തിന്റെ അറിവോടെയാണ് മലപ്പട്ടം സെന്‍ട്രലില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ നയിച്ച പദയാത്രയ്ക്ക് നേരെ സി പി എം പ്രവര്‍ത്തകര്‍ അക്രമം നടത്തിയത് എന്നതിന്റെ തെളിവുകളാണ് പുറത്ത് വരുന്നത്. പദയാത്ര കടന്നു വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നെ സി പി എം പ്രവര്‍ത്തകര്‍ മലപ്പട്ടം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ സംഘടിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ജാഥ നയിച്ച് വേദിയില്‍ എത്തിയതോടെ ജാഥയുടെ മധ്യഭാഗത്തുള്ള പ്രവര്‍ത്തകരെ സി പി എം പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു.
ജില്ല സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥിന്റെയും ശ്രീകണ്ഠാപുരം എരിയ സെക്രട്ടറി എം സി.രാഘവന്റെയും നേതൃത്വത്തിലായിരുന്നു അക്രമം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയും, കാലും വെട്ടുമെന്ന് ഭീഷണി മുദ്രാവാക്യം വിളിച്ച് കൊണ്ടായിരുന്നു അക്രമം. പുനര്‍നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന ഗാന്ധി സ്തൂപം വീണ്ടും തകര്‍ക്കുന്നതിന് വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പടെയുള്ള സി പി എം പ്രവര്‍ത്തകരാണ്, വാര്‍ഡ് മെമ്പര്‍ ഷിനോജ്, അജിനാസ്, ജിതേഷ്, ആരോമല്‍ തുടങ്ങിയവരാണ് ഗാന്ധി സ്തുപം വീണ്ടും തകര്‍ത്തത്.പൊലീസ് സാന്നിധ്യത്തിലായിരുന്നു അക്രമം.