ന്യൂഡല്‍ഹി: വര്‍ഗ്ഗീയത നിറച്ച് സമൂഹത്തില്‍ വെറുപ്പുണ്ടാക്കുന്ന രീതിയില്‍ ലേഖനങ്ങള്‍ എഴുതുക… അത് നാട്ടുകാര്‍ക്കിടയില്‍ വിതരണം നടത്തുക… വിവാദമാകുമ്പോള്‍ പിന്‍വലിച്ച് കണ്ടം വഴി ഓടുക. ഇതാണ് ആര് എസ് എസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. ഈ കുത്തിത്തിരുപ്പിനെയാണ് ദേശസേവനം എന്ന് മിത്രങ്ങള്‍ പേരിട്ടു വിളിക്കുന്നത്. ഇതിന്റെ പുതിയ ഉദാഹരണമാണ് മോഹന്‍ലാലിനെതിരേയുള്ള ലേഖനവും അതിന്റെ പിന്‍വലിക്കലും
മലയാളത്തിന്റെ പ്രമുഖ നടന് മോഹന്‍ലാലിന് രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ലേഖനം. ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റ് നടത്തുന്ന ‘മാധ്യമം’ മീഡിയ ഗ്രൂപ്പ് ഷാര്‍ജയില്‍ സംഘടിപ്പിച്ച ‘കമോണ്‍ കേരള 2025’ എന്ന പ്രവാസി സംഗമത്തില്‍ മോഹന്‍ലാല്‍ പങ്കെടുത്തതാണ് ഓര്‍ഗനൈസറിനെ ചൊടിപ്പിച്ചത്. ലേഖനത്തിലൂടെ മോഹന്‍ലാലിന്റെ പങ്കാളിത്തത്തിന്റെ ഉദ്ദേശശുദ്ധിയെ ഓര്‍ഗനൈസര്‍ ചോദ്യം ചെയ്യുകയും ഇത് രാഷ്ട്രീയപരമായി അനുചിതമാണെന്നും കുറ്റപ്പെടുത്തി. ‘സാമ്പത്തിക നേട്ടങ്ങള്‍ കിട്ടിയാല്‍ മോഹന്‍ലാല്‍ പാകിസ്ഥാനിലും പോകുമോ എന്ന് പോലും ചിലര്‍ ചോദിക്കുന്നതായി ‘ ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
ഷാര്‍ജ എക്സ്പോ സെന്ററില്‍ മെയ് 9 മുതല്‍ 11 വരെ നടന്ന ‘കമോണ്‍ കേരള’ സമ്മേളനത്തില്‍ ഈ വര്‍ഷത്തെ വിശിഷ്ടാതിഥികളില്‍ ഒരാളായിരുന്നു മോഹന്‍ലാല്‍. എന്നാല്‍, മോഹന്‍ലാലിന്റെ സാന്നിധ്യം കേവലം സാംസ്കാരിക പരിപാടി എന്നതിലുപരി ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ ‘തന്ത്രപരമായ നീക്കം’ ആണെന്ന് ഓര്‍ഗനൈസര്‍ ആരോപിച്ചു. സിനിമയോട് യാഥാസ്ഥിതിക നിലപാട് പുലര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമി ഇതിനുമുമ്പ് ഒരു സിനിമാ നടനെ ആദരിച്ചിട്ടില്ലെന്നും, അതിനാല്‍ ഈ ക്ഷണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ലേഖനം സംശയം പ്രകടിപ്പിച്ചു. ‘മോഹന്‍ലാലിന്റെ ഓണററി സൈനിക പദവി റദ്ദാക്കണമെന്ന ആവശ്യം സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ടെന്നും ലേഖനത്തില്‍ അവകാശപ്പെട്ടിരുന്നു.’
ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങിയ ‘എമ്പുരാന്’ എന്ന സിനിമയുമായും ഇപ്പോഴത്തെ വിവാദത്തെ ഓര്‍ഗനൈസര്‍ ബന്ധിപ്പിക്കുന്നുണ്ട്. വര്‍ഗീയ സംഘര്‍ഷങ്ങളുടെയും 2002-ലെ ഗുജറാത്ത് കലാപത്തിന്റെയും ഗോധ്ര ട്രെയിന്‍ തീവെപ്പിന്റെയും പശ്ചാത്തലത്തിലുള്ള സിനിമയുടെ ചിത്രീകരണത്തിനെതിരെ വലതുപക്ഷ ഗ്രൂപ്പുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇസ്ലാമിക ഭീകരവാദത്തെ അനുഭാവപൂര്‍വ്വം ചിത്രീകരിക്കുകയും ഹിന്ദു സംഘടനകളെ അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രതിക്കൂട്ടിലാക്കുകയും ചെയ്യുന്ന സിനിമയുടെ ആഖ്യാനം അങ്ങേയറ്റം പ്രശ്നകരമാണെന്നും ഓര്‍ഗനൈസര്‍ വിലയിരുത്തി.
ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ നിലനില്ക്കുന്നതും പാകിസ്ഥാന് ഭീകരര്‍ ഇന്ത്യന്‍ പൗരന്മാരെ കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ അടുത്തിടെ ഉണ്ടായതും ചൂണ്ടിക്കാട്ടി, ഇന്ത്യന്‍ സൈന്യവുമായി ബന്ധമുള്ള ഒരു പൊതുപ്രവര്ത്തകന് ജമാഅത്തെ ഇസ്ലാമിയുടെ ആദരം സ്വീകരിക്കുന്നത് ഉചിതമാണോ എന്നും ഓര്‍ഗനൈസര്‍ ചോദിച്ചു. ഇന്ത്യന്‍ സിനിമയ്ക്കും അദ്ദേഹത്തിന്റെ സിനിമകളിലെ ദേശീയ ബോധത്തിനും നല്കിയ സംഭാവനകള്‍ പരിഗണിച്ച് 2009-ല്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ച വ്യക്തിയാണ് മോഹന്‍ലാല്‍. ഈ പരിപാടിയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം ഈ പദവിയുടെ മൂല്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും ചിലര്‍ വാദിക്കുന്നതായി ലേഖനം സൂചിപ്പിച്ചു.
ഇതാദ്യമായല്ല മോഹന്‍ലാലിനെതിരെ ആര്‍എസ്എസും അനുബന്ധ സംഘടനകളും വിമര്‍ശനം ഉന്നയിക്കുന്നത്. ‘എമ്പുരാന്’ പുറത്തിറങ്ങിയപ്പോള്‍, ഗുജറാത്ത് കലാപത്തിന്റെയും ഗോധ്ര സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ സിനിമ ‘ഹിന്ദു വിരുദ്ധ’ ആഖ്യാനം മുന്നോട്ടുവയ്ക്കുന്നുവെന്ന് ഓര്‍ഗനൈസറും മറ്റുള്ളവരും ആരോപിച്ചിരുന്നു.
വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ലേഖനം പിന്നീട് ഓര്‍ഗനൈസറിന്റെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്യുകയുണ്ടായി