ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരണമെന്നുമുള്ള ആവശ്യം കോണ്‍ഗ്രസ് വീണ്ടും ഉന്നയിച്ചു. ട്രംപിന്റെ പ്രസ്താവനകളുടെ വെളിച്ചത്തില്‍ ഈ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ അടിയന്തര പ്രാധാന്യമുണ്ടെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.
കാര്‍ഗില്‍ യുദ്ധം അവസാനിച്ചതിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം, 1999 ജൂലൈ 29ന് വാജ്പേയി സര്‍ക്കാര്‍ കാര്‍ഗില്‍ റിവ്യൂ കമ്മിറ്റി രൂപീകരിച്ചതുപോലെ, മോദി സര്‍ക്കാരും പഹല്‍ഗാം വിഷയത്തില്‍ സമാനമായ നടപടി സ്വീകരിക്കുമോയെന്നും കോണ്‍ഗ്രസ് ചോദിച്ചു. ‘കാര്‍ഗില്‍ യുദ്ധം അവസാനിച്ചതിന് മൂന്ന് ദിവസത്തിന് ശേഷം, 1999 ജൂലൈ 29ന് വാജ്പേയി സര്‍ക്കാര്‍ കാര്‍ഗില്‍ റിവ്യൂ കമ്മിറ്റി രൂപീകരിച്ചു. അതിന്റെ റിപ്പോര്‍ട്ട് 2000 ഫെബ്രുവരി 23ന് പാര്‍ലമെന്റില്‍ വെച്ചു, ചില ഭാഗങ്ങള്‍ ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിട്ടുണ്ടെങ്കിലും – അത് അനിവാര്യമാണ്,’ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് എക്സിലെ പോസ്റ്റില്‍ പറഞ്ഞു.
ഇന്ത്യയുടെ തന്ത്രപരമായ കാര്യങ്ങളിലെ വിദഗ്ധനായ കെ. സുബ്രഹ്മണ്യമാണ് കമ്മിറ്റിക്ക് നേതൃത്വം നല്‍കിയതെന്നും അദ്ദേഹത്തിന്റെ മകനാണ് ഇപ്പോഴത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. ‘എന്‍ഐഎ അന്വേഷണം നടക്കുന്നുണ്ടെങ്കിലും, പഹല്‍ഗാം വിഷയത്തില്‍ മോദി സര്‍ക്കാര്‍ സമാനമായ ഒരു നടപടി സ്വീകരിക്കുമോ?’ അദ്ദേഹം ചോദിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ‘അണുവായുധ സംഘര്‍ഷം’ തന്റെ ഭരണകൂടം തടഞ്ഞുവെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം ആവര്‍ത്തിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ഈ പ്രതികരണം.