കേരളക്കര ഞെട്ടിത്തരിച്ച തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവന നടത്തിയത്. 15 ലക്ഷം രൂപയാണ് കോടതി പിഴ വിധിച്ചത്. ഈ തുക അമ്മാവന്‍ ജോസ് സുന്ദരത്തിന് നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, കേദലിന് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി കോടതി ഈ കേസ് പരിഗണിച്ചിട്ടില്ല. രാവിലെ 11 മണിക്ക് തന്നെ കോടതിയില്‍ വാദം തുടങ്ങിയിരുന്നു.
2017 ഏപ്രില്‍ 5 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അച്ഛന്‍ പ്രൊഫസര്‍ രാജാ തങ്കം, അമ്മ ഡോക്ടര്‍ ജീന്‍ പത്മം, സഹോദരി കരോലിന്‍, ബന്ധുവായ ലളിത എന്നിവരെ കേദല്‍ മഴു കൊണ്ട് വെട്ടിക്കൊന്ന്, ചുട്ടെരിച്ചെന്നായിരുന്നു കേസ്. ഏകപ്രതിയായ കേദല്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊടുക്രൂരതയുടെ വിധി വരുന്നത്. കൊലപാതകം, തെളിവ് നശിപ്പക്കല്‍, ആയുധമുപയോഗിച്ച് പരിക്കേല്‍പ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്ക് മേല്‍ ചുമത്തിയത്. കേദലിനെതിരെ ചുമത്തിയിരിക്കുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി ഇന്നലെ ചൂണ്ടാക്കാട്ടിയിരുന്നു.